ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസ് ശ്രമം പൊളിയുന്നു. പഞ്ചാബില്‍ ദളിത് മുഖ്യമന്ത്രി വന്നതോടെ എസ്പി കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് തയ്യാറാവുന്നു എന്നായിരുന്നു വിവരം. എന്നാല്‍ കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വിഭാഗം ഇതെല്ലാം അവതാളത്തിലാക്കിയിരിക്കുകയാണ്. ന്യൂനപക്ഷ സെല്‍ പുറത്തിറക്കിയ സങ്കല്‍പ്പ് പത്രയില്‍ എസ്പിയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. 16 പോയിന്റുകള്‍ വരുന്ന സങ്കല്‍പ്പ് പത്ര പുറത്തിറക്കി വ്യാപകമായി പ്രചരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. എസ്പിയെ ലക്ഷ്യമിട്ട് കൊണ്ട് ചില വാഗ്ദാനങ്ങളാണ് ഇതിലുള്ളത്. ഈ വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കാനായി എസ്പിയെ കൂടി വെല്ലുവിളിക്കുകയാണ് കോണ്‍ഗ്രസ്.
എസ്പിയുടെ ഭരണകാലത്ത് അടച്ച് പൂട്ടിയ തോലുറപ്പണിശാലകള്‍ (ലെതർ ഫാക്ടറി) വീണ്ടും തുറക്കുമെന്ന പ്രഖ്യാപനമാണ് കോണ്‍ഗ്രസ് നല്‍കുന്നത്. അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ യുപിയില്‍ നടന്ന കലാപങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന മറ്റൊരു പ്രഖ്യാപനവും കോണ്‍ഗ്രസില്‍ നിന്നുണ്ടായിട്ടുണ്ട്. മഥുര്‍ കമ്മീഷന്‍ കാണ്‍പൂരില്‍ 1992ല്‍ നടന്ന വര്‍ഗീയ കലാപത്തില്‍ കുറ്റക്കാരായി കണ്ടെത്തിയവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് സങ്കല്‍പ്പ് പത്രയില്‍ അവകാശപ്പെടുന്നു. അതേസമയം അഖിലേഷ് യാദവിനെയും മുലായം സിംഗ് യാദവിനെ ചൊടിപ്പിക്കുന്നതാണ് കോണ്‍ഗ്രസിന്റെ നീക്കം.
അതേസമയം പ്രിയങ്ക ഗാന്ധി യുപിയില്‍ സഖ്യം ആഗ്രഹിക്കുന്നുണ്ട്. ഒറ്റയ്ക്ക് മത്സരിച്ചതാല്‍ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായി പോകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ആകെ 7 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. ഇപ്പോഴത്തെ ട്രെന്‍ഡ് അനുസരിച്ച് ഇത് ഇനിയും കുറയുമെന്നാണ് സൂചന. കോണ്‍ഗ്രസ് മികച്ച പ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കിലും, സംഘടനാ ദൗര്‍ബല്യം കാരണം ജനങ്ങളിലേക്ക് അതൊന്നും എത്തുന്നില്ല. ഈ സാഹചര്യത്തില്‍ വലിയ പാര്‍ട്ടിയുടെ സഹായം അത്യാവശ്യമാണ്. എസ്പി-ബിഎസ്പി സര്‍ക്കാരുകള്‍ മാഥുര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
മുലായം സിംഗ് യാദവിന് നേരെയാണ് കോണ്‍ഗ്രസ് വിരല്‍ ചൂണ്ടുന്നത്. ഇത് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ 2024ലേക്കുള്ള യാത്ര തന്നെ ഇത് താളം തെറ്റിക്കും. 16 പോയിന്റ് വരുന്ന സങ്കല്‍പ്പ് പത്ര എല്ലാ മുസ്ലീം പള്ളികളുടെ മുന്നിലും വിതരണം ചെയ്യുമെന്ന് കോണ്‍ഗ്രസ് പറയുന്നു. 8452 പള്ളികളിലായിട്ടാണ് ഇത് വിതരണം ചെയ്യും. നാല് വെള്ളിയാഴ്ച്ചകളില്‍ ഇത് തുടരും. സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 15 വരെ ഇത് തുടരും. 25 ലക്ഷം പേരിലെങ്കിലും ഈ പ്രചാരണം എത്തിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഓരോ വെള്ളിയാഴ്ച്ചയും ആറ് പള്ളികളിലെങ്കിലും സങ്കല്‍പ്പ് പത്ര എത്തിക്കാനാണ് പ്ലാനെന്ന് കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ ചെയര്‍മാന്‍ ഷാനവാസ് ആലം പറഞ്ഞു.
കോണ്‍ഗ്രസ് ബിജെപിക്കെതിരെയാണോ അതോ എസ്പിക്കെതിരെയാണോ പോരാടുന്നതെന്ന് ആദ്യം പറയണമെന്ന് എസ്പി നേതാക്കള്‍ പറയുന്നു. മുന്‍ കേന്ദ്ര മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക തയ്യാറാക്കുന്നത്. സങ്കല്‍പ്പ് പത്രയിലെ ചില കാര്യങ്ങളില്‍ പ്രകടനപത്രികയിലും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുമെന്ന് ഷാനവാസ് ആലം വ്യക്തമാക്കി. അധികാരം ലഭിച്ചാല്‍ സിഎഎ-എന്‍ആര്‍സി പ്രതിഷേധങ്ങളെ തുടര്‍ന്ന് യോഗി സര്‍ക്കാര്‍ എടുത്ത കേസുകള്‍ എല്ലാം പിന്‍വലിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കാനുള്ള നിയമം, ന്യൂനപക്ഷങ്ങള്‍ക്കായി എല്ലാ ജില്ലകളിലും മൗലാന ആസാദ് ഹോസ്റ്റലുകള്‍, എന്നിവയും കോണ്‍ഗ്രസിന്റെ പ്രഖ്യാപനങ്ങളിലുണ്ട്.
നേരത്തെ ബിഎസ്പിയെയും എസ്പിയെയും ടാര്‍ഗറ്റ് ചെയ്ത് കൊണ്ട് യുപി കോണ്‍ഗ്രസ് ബുക്ക്‌ലെറ്റും പുറത്തിറക്കിയിരുന്നു. മുസ്ലീങ്ങള്‍ കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുബാങ്കാണ്. ബിജെപിയെ പരാജയപ്പെടുത്തുന്ന സ്ഥാനാര്‍ത്ഥിക്കാണ് മുസ്ലീങ്ങള്‍ വോട്ടുചെയ്യുകയെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. നിലവില്‍ കോണ്‍ഗ്രസിന് ബിജെപിയെ പരാജയപ്പെടുത്താനാവുമെന്ന് മുസ്ലീങ്ങളോ മറ്റ് വിഭാഗങ്ങളോ കരുതുന്നില്ല. അതുകൊണ്ട് ഈ നീക്കങ്ങള്‍ ഗുണം ചെയ്യുമോ എന്ന് ഉറപ്പില്ല. മുസ്ലീങ്ങള്‍ ബിജെപിയെ ഉറപ്പായും പരാജയപ്പെടുത്തുമെന്ന് കരുതുന്നത് സമാജ് വാദി പാര്‍ട്ടിയെയാണ്. സങ്കല്‍പ്പ് പത്രിക കൊണ്ട് എസ്പിയെ അകറ്റുക മാത്രമാണ് കോണ്‍ഗ്രസ് ചെയ്തിരിക്കുന്നത്.
Post Your Comments