പുരുലിയ: മൂന്നര വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് സൂചികള്‍ കുത്തിക്കയറ്റി കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ അമ്മയ്ക്കും മന്ത്രവാദിയായ കാമുകനും വധശിക്ഷ വിധിച്ച് പ്രാദേശിക കോടതി. പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ പ്രാദേശിക കോടതിയാണ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് നിരീക്ഷിച്ച കേസിൽ പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. നാലു വർഷത്തോളം കേസിൽ വിചാരണ നടന്നു. ഒടുവിൽ ചൊവ്വാഴ്ചയാണ് പെൺകുട്ടിയുടെ അമ്മയെയും കാമുകനായ സനാതൻ താക്കൂറിനെയും കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുരുലിയക്കടുത്തുള്ള നദിയാരയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കുട്ടിയുടെ അസുഖം ഭേദപ്പെടുത്താനെന്ന പേരിലായിരുന്നു ക്രൂരത. നാലിഞ്ച് നീളമുള്ള ഏഴു സൂചികളാണ് കുഞ്ഞിന്റെ ശരീരത്തില്‍ മന്ത്രവാദി കുത്തിക്കയറ്റിയത്. ഇതോടെ അവശയായ കുട്ടിയെ 2017 ജൂലൈ 11 ന് പനിയും ജലദോഷവും ചുമയും ഉണ്ടെന്ന് പറഞ്ഞ് യുവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ പരിശോധിച്ച ഡോക്ട്ർ ശരീരത്തിൽ പോറൽ പാടുകളും ഒന്നിലധികം മുറിവുകളും രക്തക്കറകളും കണ്ടെത്തി. ഇതോടെ സംശയം തോന്നി ഡോക്ടർമാരുടെ സംഘം കുട്ടിയെ വിദഗ്ധമായി പരിശോധിച്ചു.
ആശുപത്രിയില്‍ നടത്തിയ എക്സ്റേ പരിശോധനയില്‍ കുട്ടിയുടെ നെഞ്ചിലും അടിവയറ്റിലും സ്വകാര്യ ഭാഗത്തുമായി ഏഴ് സൂചികള്‍ കുത്തിക്കയറ്റിയതായി കണ്ടെത്തി. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ പുരുലിയ മെഡിക്കല്‍ കോളെജിലും പിന്നീട് ബെങ്കുര സമ്മിലാനി മെഡിക്കല്‍ കോളെജിയും മറ്റൊരു ആശുപത്രിയിലും ചികിത്സിച്ചെങ്കിലും 10 ദിവസത്തിനു ശേഷം മരണപ്പെടുകയായിരുന്നു.
അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിശേഷിപ്പിച്ചാണ് പുരുലിയയിലെ വിചാരണ കോടതി രണ്ടു പ്രതികള്‍ക്കും വധശിക്ഷ വിധിച്ചത്. യുപിയിലെ സോന്‍ഭദ്ര ജില്ലയിലെ പിപ്ഡിയില്‍ നിന്ന് പൊലീസ് സനാതനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ സനാതന് വേണ്ടി വാദിക്കാന്‍ കുടുംബം പോലും തയാറായിരുന്നില്ല.
Post Your Comments