ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് സുപ്രീം കോടതി. കോവിഡിനെ തുടര്‍ന്ന് മരണമടഞ്ഞവരുടെ കുടുംബത്തിന് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കേന്ദ്രത്തിന്റെ ഈ തീരുമാനത്തെയാണ് സുപ്രീം കോടതി അഭിനന്ദിച്ചത്. കോവിഡ് നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ പരാമർശം. കോവിഡിനെ തുടര്‍ന്ന് മരണമടഞ്ഞവരുടെ കുടുംബത്തിന് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം സന്തോഷം നൽകുന്നതാണെന്നും ഇതുവഴി ചിലരുടെ എങ്കിലും കണ്ണുനീർ തുടച്ചു നീക്കാൻ സാധിക്കുന്നത് സംതൃപ്തി നൽകുന്ന കാര്യമാണെന്നും ഹർജികൾ പരിഗണിച്ച ജസ്റ്റിസ് എം.ആര്‍ ഷാ വ്യക്തമാക്കി.
ഇന്ത്യയെ പോലെ മറ്റൊരു രാജ്യവും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. നിരവധി പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും മികച്ച രീതിയിൽ തന്നെ ഇന്ത്യ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ജനസംഖ്യയും, വാക്‌സിന്റെ ചെലവും മോശമായ സാമ്പത്തിക സ്ഥിതിയും ആയിരുന്നിട്ട് കൂടി ഇന്ത്യ മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകാപരമായ രീതിയിൽ മികച്ച നടപടികൾ കൈക്കൊണ്ടുവെന്നും ഡിവിഷന്‍ ബെഞ്ചംഗമായ എ.എസ്. ബൊപ്പണ്ണയും പ്രശംസിച്ചു.
അതേസമയം, കോവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിച്ച് 30 ദിവസത്തിനുള്ളില്‍ നൽകുമെന്നാണ് അറിയിപ്പ്. ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ട് വഴിയാകും നഷ്ടപരിഹാരം വിതരണം ചെയ്യുക. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗ്ഗ രേഖ പ്രകാരമാണ് നഷ്ടപരിഹാരം ലഭിക്കുക. നഷ്ടപരിഹാരം സംബന്ധിച്ച കേസുകളിലെ ഉത്തരവ് കേസില്‍ ഉത്തരവ് ഒക്ടോബര്‍ നാലിന് പുറത്തിറക്കുമെന്നും ഡിവിഷന്‍ ബെഞ്ച് അറിയിച്ചിട്ടുണ്ട്.
Post Your Comments