തിരുവനന്തപുരം: മുസ്ലിങ്ങള്‍ക്കെതിരെ തങ്ങളുടെ നിലപാട് കര്‍ശനമാക്കി തന്ത്രപരമായി ക്രിസ്ത്യന്‍ പുരോഹിതരെ അവരുടെ ഭാഗത്ത് അണിനിരത്താന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കത്തോലിക്ക സഭ ബി.ജെ.പിയെ തിരിച്ചറിയണമെന്ന് ‘കേരളത്തില്‍ വര്‍ഗീയ ചേരിതിരിവ് അരുത്’ എന്ന തലക്കെട്ടോടെ ദേശാഭിമാനി ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം പറയുന്നു. കേരളത്തിലെ ക്രൈസ്തവര്‍ക്കിടയിലെ ഏറ്റവും വലിയ വിഭാഗമായ കത്തോലിക്കാ സഭ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും യഥാര്‍ത്ഥ സ്വഭാവം മനസിലാക്കണമെന്നും ഹിന്ദുത്വ ശക്തികള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രചരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ലഹരി കടത്ത് ഒരു മത വിഭാഗത്തിന്റെ മേല്‍ ചാര്‍ത്തുന്നത് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടീഷ് ഭരണത്തിനും മുസ്ലിം കര്‍ഷകരെ അടിച്ചമര്‍ത്തുന്ന ജന്മിമാര്‍ക്കുമെതിരെ 1921ല്‍ നടന്ന മലബാര്‍ കലാപത്തെ വികലമാക്കി അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ആര്‍എസ്എസ് സെപ്തംബര്‍ 25ന് ‘മലബാര്‍ ഹിന്ദു വംശഹത്യ ദിനം’ ആചരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ക്രൈസ്തവരോട് ആര്‍എസ്എസ് ഇപ്പോള്‍ പ്രകടിപ്പിക്കുന്ന സഹതാപത്തിന്റെ ഭാഗമായി മലബാര്‍ കലാപം ഹിന്ദുവിരുദ്ധം മാത്രമല്ല, ക്രിസ്ത്യന്‍ വിരുദ്ധവുമാണെന്നുകൂടി വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള സംഘപരിവാറിന്റെ പദ്ധതിയെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയവരില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ തൃശൂര്‍ ഭദ്രാസന മെത്രാപോലീത്ത യൂഹാനോന്‍ മോര്‍ മിലിത്തിയോസ് ഉള്‍പ്പെടുന്നതായി ലേഖനത്തില്‍ വ്യക്തമാക്കുന്നു.
നിരന്തരം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നതിന്റെ ഭാഗമായി 2016 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ക്രൈസ്തവര്‍ക്കെതിരെ 1774 വിദ്വേഷ കുറ്റകൃത്യങ്ങള്‍ രാജ്യത്ത് നടന്നെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് 2016നുശേഷം 59.6 ശതമാനമായി വര്‍ധിച്ചെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു.
Post Your Comments