ബെംഗളൂരു: പാഴ്‌സല്‍ ഗോഡൗണില്‍ വന്‍ സ്‌ഫോടനം. ബംഗളൂരുവിലെ ചാമരാജ്‌പേട്ടിലുള്ള ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനിയുടെ ഗോഡൗണിലാണ് വന്‍ സ്‌ഫോടനം നടന്നത് . അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ബെംഗളൂരുവിലെ തിരക്കേറിയ വ്യാപാര കേന്ദ്രത്തിലുള്ള ഗോഡൗണില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ഉഗ്രസ്ഫോടനം നടന്നത്. 85 ഓളം പാഴ്‌സലുകള്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നു. ഇതിലുള്ള രണ്ട് പാഴ്‌സലുകളാണ് പൊട്ടിത്തെറിച്ചത്. ഏകദേശം രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഇതിന്റെ ശബ്ദം കേട്ടുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ഗോഡൗണില്‍ ഉണ്ടായിരുന്ന രണ്ടുപേരും തൊട്ടടുത്തുള്ള കടയിലെ ഒരാളുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്‌ഫോടനം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും വിശദമായ പരിശോധന നടത്തി. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് പടക്കങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ഉണ്ട്. പോലീസും ഇക്കാര്യം സ്ഥിരീകരിച്ചു. രാസവസ്തുക്കള്‍ അടങ്ങിയ പെട്ടികളാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. ഫോറന്‍സിക് വിഭാഗവും സംഭവ സ്ഥലത്ത് പരിശോധന നടത്തി.
Post Your Comments