Latest NewsKeralaIndia

തീവ്രവാദ ഭീഷണി: തിരുവനന്തപുരത്ത് തീരദേശത്തെ ഒഴിഞ്ഞ കെട്ടിടങ്ങളുടെ കണക്കെടുപ്പ്

തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടന തെക്കൻ കേരളത്തിൽ തീരദേശത്ത് അടുത്തിടെ നടത്തിയ 4 യോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ഐബിക്കു കൈമാറി

തിരുവനന്തപുരം തീവ്രവാദ ഭീഷണി വർധിക്കുന്ന സാഹചര്യത്തിൽ, സുരക്ഷാ ഏജൻസികൾ തീരദേശത്ത് ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളുടെ കണക്കെടുക്കുന്നു. കോസ്റ്റൽ പൊലീസും കേന്ദ്ര ഏജൻസികളും സംയുക്തമായാണ് പരിശോധന നടത്തുന്നത്. തീരദേശത്ത് സർക്കാർ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ പഴയ കെട്ടിടങ്ങളിൽ ചിലത് പൊളിച്ചു മാറ്റാനുള്ള നടപടികളും ആരംഭിച്ചു. ഏറെക്കാലമായി അടഞ്ഞു കിടക്കുന്ന സ്വകാര്യ കെട്ടിടങ്ങളുടെ ഉടമസ്ഥരെ കണ്ടെത്തി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

തീരദേശംവഴി തീവ്രവാദികള്‍ നുഴഞ്ഞു കയറാമെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ നടപടികൾ ശക്തമാക്കിയത്. തീരദേശത്ത് ബന്ധുക്കളോ പരിചയക്കാരോ ഇല്ലാതെ ഏറെനാളായി താമസിക്കുന്ന ഇതര സംസ്ഥാനക്കാരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. തമിഴ്നാട്ടിൽനിന്നും ആന്ധ്രയിൽനിന്നും എത്തി തീരദേശത്ത് താമസമാക്കുകയും കൃത്യമായ യാത്രാഉദ്ദേശ്യമോ രേഖകളോ ഇല്ലാത്ത ആളുകളുടെ വിവരങ്ങൾ ഐബിക്ക് പൊലീസ് കൈമാറി. ഇവരുടെ പശ്ചാത്തലത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്.

തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടന തെക്കൻ കേരളത്തിൽ തീരദേശത്ത് അടുത്തിടെ നടത്തിയ 4 യോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ഐബിക്കു കൈമാറിയിട്ടുണ്ട്. സുരക്ഷാ ഭീഷണിയുടെ സാഹചര്യത്തിൽ തീരദേശ പൊലീസിന്റെ ബീറ്റ് സംവിധാനവും പരിഷ്ക്കരിച്ചു.

ഒരാഴ്ചക്കാലയളവിൽ എന്താണ് ചെയ്യേണ്ടതെന്നു ബീറ്റ് ഓഫിസർമാരെ മുൻകൂട്ടി അറിയിക്കും. നേരത്തെ ഈ സംവിധാനം ഉണ്ടായിരുന്നില്ല. ബീറ്റ് ഓഫിസർമാരെ ഉൾപ്പെടുത്തി വാട്സാപ് ഗ്രൂപ്പുകളും രൂപീകരിച്ചിട്ടുണ്ട്. കടലിൽ അപരിചിതമായ ബോട്ടുകളോ വള്ളങ്ങളോ കണ്ടാൽ അറിയിക്കണമെന്ന് മത്സ്യത്തൊഴിലാളികൾക്കു നിർദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button