തിരുവനന്തപുരം: കേരളത്തിലെ യുവതീ-യുവാക്കള്‍ മതതീവ്ര നിലപാടുകളില്‍ ആകൃഷ്ടരായി തീവ്രവാദ സംഘടനകളിലും മറ്റും എത്തിപ്പെടാതിരിക്കാന്‍ പുതിയ ആശയങ്ങള്‍ ആവിഷ്‌കരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മതതീവ്ര നിലപാടുകളില്‍ യുവാക്കള്‍ എത്തിപ്പെടാതിരിക്കാന്‍ സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് മുന്‍കൈയെടുത്ത് 2018 മുതല്‍ ഡീ റാഡിക്കലൈസേഷന്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ പദ്ധതിയില്‍ മഹല്ല് ഭാരവാഹികളെ കൂടി ഉള്‍പ്പെടുത്താനാണ് സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം.
‘ തെറ്റായ നിലപാടുകളില്‍ നിന്ന് പിന്തിരിപ്പിച്ച് അവരെ സാധാരണ മനോനിലയിലെത്തിക്കാനുള്ള ശ്രമമാണ് ഡീ റാഡിക്കലൈസേഷനിലൂടെ നടത്തുന്നത്. തീവ്ര മതനിലപാടുകള്‍ സ്വീകരിക്കുകയും ഐഎസ് ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്യുന്നതായി കണ്ട യുവാക്കളെ ഡീ റാഡിക്കലൈസേഷന്‍ പരിപാടികളില്‍ പങ്കെടുപ്പിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്’ – മുഖ്യമന്ത്രി വ്യക്തമാക്കി.
‘തീവ്ര മതനിലപാടുകളിലൂടെ ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായി യുവാക്കള്‍ വഴിതെറ്റാതിരിക്കാന്‍ വിവിധ ജില്ലകളിലെ മഹല്ലുകളിലെ പുരോഹിതന്മാരെയും മഹല്ല് ഭാരവാഹികളെയും ഉള്‍പ്പെടുത്തി കൗണ്ടര്‍ റാഡിക്കലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ പുന:രാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, കേരളത്തില്‍ മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2020ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 4941 മയക്കുമരുന്ന് കേസുകളില്‍ 5422 പേരാണ് പ്രതികളായുള്ളത്. ഇവരില്‍ 2700 പേര്‍ (49.8 ശതമാനം) ഹിന്ദുക്കളും 1869 പേര്‍ (34.47 ശതമാനം) ഇസ്‌ലാം മതത്തില്‍പ്പെട്ടവരും 853 പേര്‍ (15.73 ശതമാനം) ക്രിസ്ത്യനികളും ആണ്. ഇതില്‍ അസ്വാഭാവികമായ അനുപാതം എവിടെയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments