Latest NewsKeralaIndia

അഹമ്മദ് വഞ്ചിച്ചു, ഇതുവരെ തിരുത്തിപ്പറഞ്ഞില്ല, സെയ്തലവി നിയമനടപടിക്ക്, കള്ളപ്പണ മാഫിയ എന്ന ആരോപണവും സജീവം

ടിക്കറ്റെടുക്കാന്‍ അഹമ്മദിന് പണം നല്‍കിയതിന് തെളിവുണ്ടെന്ന് സെയ്തലവി പറഞ്ഞു.

വയനാട്: താന്‍ എടുത്ത ടിക്കറ്റിനാണ് സമ്മാനമെന്ന് തന്നെ വിശ്വസിപ്പിക്കുകയായിരുന്നെന്ന് സൈതലവി. വയനാട് നാലാം മൈല്‍ സ്വദേശി അഹമ്മദ് ആണ് വഞ്ചിച്ചതെന്നും ഇതുവരെ തിരുത്തിപ്പറയാന്‍ തയ്യാറായിട്ടില്ലെന്നും സെയ്തലവി പറഞ്ഞു. എന്നാല്‍ താന്‍ സെയ്തലവിയെ ചതിച്ചിട്ടില്ലെന്നും സെയ്തലവിക്ക് ലോട്ടറി അടിച്ചെന്ന് പറഞ്ഞിട്ടില്ലെന്നും അഹമ്മദ് പറഞ്ഞു. നേരത്തെ, ഓണം ബമ്പറിന് തനിക്കാണ് ഒന്നാം സമ്മാനമെന്ന് അവകാശപ്പെട്ട് സൈതലവി രംഗത്തെത്തിയിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു ഇത്. സുഹൃത്തു മുഖാന്തരമാണ് ടിക്കറ്റ് എടുത്തതെന്നും പറഞ്ഞിരുന്നു. തനിക്കാണ് ലോട്ടറിയടിച്ചതെന്ന് സെയ്ദലവി വെളിപ്പെടുത്തിയതോടെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ സന്ദേശവും കോഴിക്കോട്, വയനാട് ജില്ലകളിലേക്കെത്തി. അന്വേഷണം തുടരുന്നതിനിടെയാണ് യഥാര്‍ഥ വിജയി എറണാകുളത്ത് പ്രത്യക്ഷപ്പെട്ടത്. ഈ സാഹചര്യത്തില്‍ സെയ്തലവി തന്നെ ചതിച്ചവരെ കുടുക്കാനുള്ള തീരുമാനത്തിലാണ്, എന്നാല്‍, ടിക്കറ്റെടുക്കാന്‍ അഹമ്മദിന് പണം നല്‍കിയതിന് തെളിവുണ്ടെന്ന് സെയ്തലവി പറഞ്ഞു.

ടിക്കറ്റ് എടുത്ത ശേഷം ആദ്യം അയച്ച മെസേജ് ഡിലീറ്റായി. 12ാം തീയതിയാണ് ടിക്കറ്റ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. തന്നെ ചിലര്‍ ചേര്‍ന്നു പറ്റിച്ചതാണെന്നും സെയ്തലവി ആരോപിച്ചു. യഥാര്‍ഥ ഭാഗ്യവാനെ കണ്ടെത്തിയതിന് പിന്നാലെയാണ് സെയ്തലവിയുടെ പ്രതികരണം. ട്വിസ്റ്റുകള്‍ക്കൊടുവിലാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത് കൊച്ചി മരട് സ്വദേശി ജയപാലനെന്ന് സ്ഥിരീകരണം വന്നത്. ഓട്ടോ ഡ്രൈവറായ ജയപാലന്‍ ടിക്കറ്റ് കാനറ ബാങ്കിന്റെ മരട് ശാഖയിലേക്ക് കൈമാറി. ബാങ്കുകാര്‍ക്കും ആദ്യം വിശ്വാസമുണ്ടായില്ല.

പിന്നീട് ഉറപ്പു വരുത്തിയ ശേഷമാണ് ടിക്കറ്റ് സ്വീകരിച്ചത്. ഇത്തരത്തില്‍ ആദ്യമായി ടിക്കറ്റ് സൂക്ഷിക്കേണ്ടി വന്നതിനാല്‍ അതിന്റെ നടപടിക്രമങ്ങളും അറിവുണ്ടായിരുന്നില്ല. അതെല്ലാം നോക്കി മനസ്സിലാക്കിയ ശേഷമാണ് ടിക്കറ്റ് സ്വീകരിച്ചത്. അതേസമയം സംഭവത്തിൽ കള്ളപ്പണ മാഫിയ ഉണ്ടോ എന്നും സോഷ്യൽ മീഡിയ ചർച്ചകൾ കൊഴുക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ഇതിനിടയിലുണ്ടായോ എന്നാണ് സംശയം. എറണാകുളം തൃപ്പൂണിത്തുറയില്‍ വിറ്റ ടിക്കറ്റില്‍ ബംബറടിച്ചതായി വയനാട് സ്വദേശിയായ ദുബായിലെ ജോലിക്കാരന്‍ അവകാശപ്പെട്ടപ്പോള്‍തന്നെ ആശയക്കുഴപ്പമായി.

ഇതിനിടെ തൃപ്പൂണിത്തുറ, കായംകുളം സ്വദേശികള്‍ക്കും ബംബറടിച്ചെന്ന വ്യാജപ്രചാരണവും സംശയം കൂട്ടി. ഭാഗ്യക്കുറി വില്‍പ്പനയിലൂടെ കോടികളുടെ ഒന്നാം സമ്മാനമടിക്കുന്നവരെ കള്ളപ്പണ ഇടപാടുകാര്‍ സമീപിക്കാറുണ്ട്. സഹകരിക്കാന്‍ താത്പര്യമുള്ളവരില്‍ നിന്ന് സമ്മാനമടിച്ച ടിക്കറ്റ് വാങ്ങുകയും പണം ‘ബ്ലാക്ക്’ ആയി കൈമാറുകയും ചെയ്യും. കമ്മിഷനും നികുതിയുമെല്ലാം കിഴിച്ച്‌ സര്‍ക്കാരില്‍നിന്നു ലഭിക്കുന്ന തുകയെക്കാള്‍ അല്പം കൂടുതല്‍ നല്‍കുകയും ചെയ്യും.

യഥാര്‍ഥ ഒന്നാംസമ്മാനക്കാരന്‍ പിന്നെ ചിത്രത്തിലേ ഉണ്ടാവുകയില്ല. സമ്മാനടിക്കറ്റ് ബാങ്കുകളില്‍ ഹാജരാക്കുന്നത് കള്ളപ്പണക്കാരോ അവരുടെ ഏജന്റുമാരോ ആയിരിക്കും. ഇത്തവണയും അവകാശവാദങ്ങളില്‍ സംശയങ്ങളുണ്ടെങ്കിലും പരാതിയുണ്ടെങ്കില്‍മാത്രമേ കേസെടുത്ത് അന്വേഷിക്കൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

shortlink

Post Your Comments


Back to top button