കൊച്ചി: ഫേസ്ബുക്കില്‍ നിന്ന് ലഭിച്ച ടിക്കറ്റിന്റെ ഫോട്ടോയാണ് താന്‍ സെയ്തലവിക്ക് അയച്ചു കൊടുത്തതെന്ന് സുഹൃത്ത് അഹമ്മദ്. തന്റെ കൈയില്‍ ലോട്ടറി ടിക്കറ്റുകള്‍ ഇല്ലെന്നും ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും അഹമ്മദ് പറഞ്ഞു.
അഹമ്മദ് പറഞ്ഞത്:
‘ഒന്നാം സമ്മാനമായ 12 കോടിയുടെ ടിക്കറ്റ് എന്റെ കൈയില്‍ ഇല്ല. അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ഇന്നലെ ഒരാള്‍ ഫേസ്ബുക്കില്‍ ഇട്ട ടിക്കറ്റിന്റെ പടം ഞാന്‍ സെയ്തലവിക്ക് അയച്ചു കൊടുത്തതാണ്. ഇന്നലെ 4.10ന് ഫേസ്ബുക്കില്‍ നിന്ന് പടം കിട്ടി. 4.53ന് സെയ്തലവിക്ക് അയച്ചു കൊടുത്തു. മറ്റൊരാള്‍ക്ക് സെയ്തലവി കുറച്ച് പണം കൊടുക്കാനുണ്ട്. അപ്പം ലോട്ടറി എനിക്ക് അടിച്ചൂയെന്ന് ഞാന്‍ പറയുമെന്ന് സെയ്തലവി പറഞ്ഞു. ഞാന്‍ പറഞ്ഞു, ആയിക്കോട്ടോയെന്ന്. ഇതാണ് സംഭവിച്ചത്. എനിക്ക് ലോട്ടറി ടിക്കറ്റ് കച്ചവടമില്ല. ഞാന്‍ അയാളുടെ സുഹൃത്ത് മാത്രമാണ്.’
അതേസമയം, ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ ഓണം ബമ്പര്‍ ഒന്നാം സമ്മാനമായ 12 കോടി നേടിയ വ്യക്തിയെ കണ്ടെത്തി. കൊച്ചി മരട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ജയപാലനാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത്. സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് ജയപാലന്‍ ബാങ്കില്‍ കൈമാറി. ഇക്കാര്യം കാനറ ബാങ്ക് സ്ഥിരീകരിച്ചു. ഈ മാസം പത്തിനാണ് ജയപാലന്‍ ലോട്ടറി ടിക്കറ്റെടുത്തത്.
read also: വീണ്ടും ട്വിസ്റ്റ്, ആ ഭാഗ്യവാൻ സെയ്‌ദലവിയല്ല, ഓണം ബംപർ അടിച്ചത് കൊച്ചിക്കാരനായ ഓട്ടോഡ്രൈവർക്ക്
ആരാണ് 12 കോടി നേടിയ ഭാഗ്യവാന്‍ എന്ന് അന്വേഷിക്കുമ്പോഴാണ് തനിക്കാണ് സമ്മാനമെന്ന അവകാശവാദവുമായി ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ വയനാട് പനമരം സ്വദേശിയായ സെയ്തലവി രംഗത്തെത്തിയത്. സുഹൃത്ത് വഴിയാണ് ഓണം ബമ്പര്‍ ലോട്ടറിയെടുത്തതെന്ന് സെയ്തലവി പറഞ്ഞിരുന്നു. സെയ്തലവിയുടെ ഈ വാദം ഏറെ ആശയക്കുഴപ്പവും സൃഷ്ടിച്ചിരുന്നു. ടിക്കറ്റ് വിറ്റത് കോഴിക്കോട്ടോ പാലക്കാട്ടോ അല്ലെന്നും തൃപ്പൂണിത്തുറയിലെ കടയില്‍ നിന്നുതന്നെയാണെന്ന് ഏജന്‍സിയും വ്യക്തമാക്കിയിരുന്നു.
Post Your Comments