കൊല്ലം: പത്തനാപുരം എംഎല്‍എ ഗണേശ് കുമാറും കൊല്ലം മുന്‍ കളക്ടര്‍ ബി.അബ്ദുള്‍ നാസറും തമ്മില്‍ പോര്‍വിളി. പട്ടയ വിതരണത്തെ ചൊല്ലിയാണ് ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുത്തത്. ഫേസ്ബുക്ക് ലൈവ് ഇടാനല്ലാതെ മുന്‍ കളക്ടര്‍ ബി. അബ്ദുല്‍ നാസറിനെക്കൊണ്ട് ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്ന് ഗണേശ് കുമാര്‍ പറഞ്ഞു. പത്തനാപുരം മണ്ഡലത്തിലെ പട്ടയ വിതരണവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഗണേശ് കുമാറിന്റെ വിമര്‍ശനം.
പട്ടയവിതരണം ശരിയായി നടക്കുന്നില്ലെന്ന് ആരോപിച്ച് ഗണേശ് കുമാറിനെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. എംഎല്‍എയുടെ കഴിവുകേടാണ് ഇതിന് കാരണമെന്ന വിമര്‍ശനം പലരും ഉന്നയിച്ചിരുന്നു. ഇതിനെതുടര്‍ന്ന് നടന്ന പട്ടയമേളയിലാണ് കളക്ടറെക്കുറിച്ച് ഗണേശ് കുമാര്‍ വിമര്‍ശനം ഉന്നയിച്ചത്. പാതിരാത്രിയില്‍ ഫേസ്ബുക്ക് ലൈവ് ഇടാന്‍ മാത്രമേ മുന്‍ കളക്ടര്‍ക്ക് സാധിച്ചിരുന്നുള്ളൂ എന്നും അതുകൊണ്ടുതന്നെ കളക്ടര്‍ വിളിക്കുന്ന പല യോഗങ്ങളിലും തനിക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ലെന്നും ഗണേശ് കുമാര്‍ പറഞ്ഞു. പട്ടയവുമായി ബന്ധപ്പെട്ട യോഗങ്ങളിലൊന്നും വലിയ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ കളക്ടര്‍ എത്തിയ സാഹചര്യത്തില്‍ അദ്ദേഹവുമായി ആലോചിച്ച് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഗണേശ് കുമാര്‍ പറഞ്ഞു.
അതേസമയം, ഗണേശ് കുമാറിന്റെ വിമര്‍ശനത്തിനു പിന്നാലെ മുന്‍ കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ എംഎല്‍എയെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. താന്‍ കളക്ടറായിരുന്ന സമയത്ത് തനിക്കെതിരേ വിമര്‍ശനങ്ങളൊന്നും ഉന്നയിച്ചിരുന്നില്ലെന്നും ആളില്ലാത്ത പോസ്റ്റില്‍ കയറി ഗോളടിക്കാന്‍ നോക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പരിഹസിച്ചു. എന്നാല്‍, പിന്നീട് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു
Post Your Comments