തിരുവനന്തപുരം: ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ഈ വര്‍ഷം 88,000 വീടുകള്‍കൂടി നിര്‍മിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. വരുന്ന നാലു വര്‍ഷങ്ങളില്‍ നാലു ലക്ഷം വീടുകള്‍കൂടി നിര്‍മിച്ച് ഈ സര്‍ക്കാരിന്റെ കാലത്ത് അഞ്ചു ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യം യാഥാർഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് പദ്ധതിയില്‍ 12,000 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനത്തിന്റെ ഭാഗമായി തിരുവനന്തപുരം പള്ളിച്ചല്‍ വെടിവച്ചാന്‍കോവില്‍ സ്വദേശി വിദ്യയുടെ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
‘കേരളത്തിലെ എല്ലാവര്‍ക്കും സുരക്ഷിതമായി അന്തിയുറങ്ങാന്‍ സ്വന്തം വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പോകുകയാണ്. ലൈഫ് പദ്ധതി രാജ്യത്തിനും ലോകത്തിനും മാതൃകയാണ്. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കു ഭൂമിയും വീടും നല്‍കുന്നതും ഇതിന്റെ ഭാഗമായി നടക്കുന്നു. ലൈഫിന്റെ ഭാഗമായി നിര്‍മിക്കുന്ന 36 ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൂര്‍ത്തീകരണത്തോടടുക്കകയാണ്. ഇതും ഉടന്‍ കൈമാറാന്‍ കഴിയും. ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം നാം ഉടന്‍ കൈവരിക്കും’- മന്ത്രി പറഞ്ഞു.
‘ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും 1000 ജനസംഖ്യയ്ക്ക് അഞ്ചു വീതം തൊഴില്‍ നല്‍കുന്ന പുതിയ പദ്ധതിയും ആസൂത്രണം ചെയ്യുകയാണ്. വാതില്‍പ്പടി സേവനം ഡിസംബറില്‍ സംസ്ഥാന വ്യാപകമായി നടപ്പാക്കും. ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ഘട്ടത്തില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ഈ പദ്ധതികള്‍ കേരളത്തില്‍ വലിയ മാറ്റമുണ്ടാക്കും’- അദ്ദേഹം പറഞ്ഞു.
Post Your Comments