ThiruvananthapuramKeralaNattuvarthaLatest NewsNews

മാലിന്യ നിര്‍മ്മാര്‍ജ്ജനമല്ല ഡ്രൈവര്‍മാരുടെ പണി, ആ പണി തരാനും നോക്കരുത്: കെഎസ്ആര്‍ടിസി എംഡിക്ക് തുറന്ന കത്ത്

കത്ത് പരസ്യമായതോടെ കെഎസ്ആര്‍ടിസി തൊഴിലാളികളെല്ലാം അസ്വസ്ഥരാണ്

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ ഉപയോഗിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് കെഎസ്ആര്‍ടിസി എംഡി ബിജുപ്രഭാകര്‍ കത്ത് നല്‍കിയതില്‍ പ്രതിഷേധം ശക്തമാകുന്നു. മാലിന്യ നിര്‍മ്മാര്‍ജ്ജനമല്ല ഡ്രൈവര്‍മാരുടെ പണി, ആ പണി തരാനും നോക്കരുതെന്ന് കെഎസ്ടിഇയു ജനറല്‍ സെക്രട്ടറി എം.ജി. രാഹുല്‍ തുറന്ന കത്തിലൂടെ എംഡിയോട് ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ വാഹക വാഹനങ്ങള്‍ ഏറ്റെടുത്ത് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മാലിന്യം ശേഖരിക്കാനിറങ്ങാമെന്നാണ് എംഡി അറിയിച്ചത്. വിവിധ കോര്‍പ്പറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും പഞ്ചായത്തുകളിലെയും ഭരണാധികാരികള്‍ക്ക് കെഎസ്ആര്‍ടിസി എംഡി കത്തയച്ചു കഴിഞ്ഞു. കത്ത് പരസ്യമായതോടെ കെഎസ്ആര്‍ടിസി തൊഴിലാളികളെല്ലാം അസ്വസ്ഥരാണ്.

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ കരാര്‍ ഏറ്റെടുക്കാനും അതിനായി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരെ ഉപയോഗിക്കാനുമുള്ള നിര്‍ദ്ദേശം അങ്ങേയറ്റം ക്രൂരതയും പ്രതിഷേധാര്‍ഹവുമാണെന്ന് രാഹുല്‍ കത്തില്‍ പറയുന്നു. ലോകത്തില്‍ മാലിന്യം നീക്കം ചെയ്യുന്നത് ഒരു മോശപ്പെട്ട തൊഴിലാണെന്ന് തങ്ങള്‍ കാണുന്നില്ല. അവരും തൊഴിലാളികള്‍ തന്നെയാണ്. ഒപ്പം പണിയെടുക്കുന്നത് കുടുബം പുലര്‍ത്താനുമാണ്. എല്ലാ തൊഴിലിന്റെയും മഹത്വത്തെ തങ്ങള്‍ ആദരിക്കുന്നെന്നും കത്തില്‍ വ്യക്തമാക്കുന്നു.

അതേസമയം കെ.എസ്.ആര്‍.ടി.സിയിലേക്ക് പി.എസ്.സി.പരീക്ഷ എഴുതി വന്നവര്‍ പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവര്‍മാരാണ്. ആകെ ഓടിയിരുന്ന 5400 ഷെഡ്യൂളുകള്‍ക്കായി പതിനായിരം സ്ഥിരം ഡ്രൈവര്‍മാര്‍ക്കു പുറമേ 5000 എം പാനല്‍ ഡ്രൈവര്‍മാരും തൊഴിലെടുത്തിരുന്ന സ്ഥാപനമാണ് കെ.എസ്.ആര്‍.ടി.സി. അതില്‍ 5000 എം.പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിട്ടെന്നും രാഹുല്‍ പറയുന്നു. സ്ഥിരം ഡ്രൈവര്‍മാരുടെ എണ്ണം ഒന്‍പതിനായിരമായി കുറഞ്ഞിട്ടും ആ ഡ്രൈവര്‍മാര്‍ക്ക് ഓടിക്കാന്‍ പോലുമുള്ള ഷെഡ്യൂളുകള്‍ നടത്താനാവുന്നില്ല എന്നുള്ളത് നാണക്കേടാണെന്നും അപമാനകരമാണെന്നും കത്തില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്.

‘ ഒരു കാര്യം മാത്രം അങ്ങയെ ഓര്‍മ്മപ്പെടുത്തുന്നു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് വേണ്ടി രൂപീകരിച്ച സര്‍ക്കാര്‍ കമ്പനി വേറെ ഉണ്ട്. അതല്ല ഞങ്ങളുടെ പണി. ആ പണി തരാനും അങ്ങ് നോക്കരുത്. അതേറ്റെടുക്കാനും ഞങ്ങള്‍ക്ക് മനസില്ല. ഇനി.. അതല്ല…അടിച്ചേല്‍പിക്കാനാണ് ശ്രമമെങ്കില്‍… ഏതറ്റം വരെയും ഞങ്ങള്‍ പോരാടും. അതിന് ആരൊക്കെ കൂടെയുണ്ടെന്നത് ഞങ്ങള്‍ക്ക് പ്രശ്‌നമല്ല’ കത്തിലൂടെ രാഹുല്‍ പറയുന്നു. നിര്‍ദ്ദേശം പിന്‍വലിക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button