കുറ്റ്യാടി: ഗോള്ഡ്പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ട ഉടമകളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഉടമകളായ കെ.പി.ഹമീദ്, എം.ടി.മുഹമ്മദ് എന്നിവരെയാണ് ഇന്ന് ഹാജരാക്കുന്നത്. കഴിഞ്ഞ എട്ടിന് ഖത്തറില്‍നിന്ന് വരുന്ന വഴി ഡല്‍ഹി വിമാനത്താവളത്തിലാണ് ഇരുവരും അറസ്റ്റിലായത്. കുറ്റ്യാടി സ്റ്റേഷൻ വാഹനത്തിൽ എത്തിച്ച ഇരുവരെയൂം വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷം നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്ന് ഹാജരാക്കിയിരുന്നു.
കോടതി ഇരുവരെയും ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കാലാവധി വെള്ളിയാഴ്ച തീരുന്നതിനാലാണ് തിരിച്ചേല്പിക്കുന്നത്. ഇതിനകം ഇവരെ സ്വന്തം വീടുകളിലും മറ്റും എത്തിച്ച് തെളിവെടുത്തിരുന്നു. ജ്വല്ലറി പ്രതിസന്ധിക്കിടയിൽ ഇവർ ഖത്തറിലേക്ക് കടന്നിരുന്നു. തുടർന്നാണ് ജ്വല്ലറി പൂട്ടുകയും നിക്ഷേപകർ അഞ്ച് ഉടമകളുടെ പേരിൽ പരാതി നൽകുകയും ഇവർക്കെതിരെ പൊലീസ് കേസെടുത്തതും.
പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് ഇരുവരും നാട്ടിലേക്ക് മടങ്ങിയത്. മാനേജിങ് പാര്‍ട്ട്ണര്‍ വി.പി.സബീര്‍ കഴിഞ്ഞ മാസം 29ന് പൊലീസില്‍ കീഴടങ്ങിയിരുന്നു. സബീറിനെ പൊലീസ്കസ്റ്റഡിയില്‍ വാങ്ങി ഏഴുദിവസം ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഇനി പ്രതിപ്പട്ടികയിലുള്ള ഹമീദ് ചെറിയകുമ്ബളം, സബീല്‍ കുളങ്ങരത്താഴ എന്നീ രണ്ട് പാര്‍ട്ട്ണര്‍മാരെ അറസ്റ്റ് ചെയ്യാനുണ്ട്. അവര്‍ക്കായി തിരച്ചില്‍ തുടരുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
Post Your Comments