ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്ക സന്ദർശനത്തിന് മുന്നോടിയായി ഭീഷണി സന്ദേശവുമായി ഖാലിസ്താനി തീവ്രവാദ സംഘടനയായ എസ്.എഫ്.ജെ. നരേന്ദ്ര മോദിക്ക് ‘അമേരിക്കയിൽ ഉറക്കമില്ലാത്ത രാത്രികളായിരിക്കും വരാൻ പോകുന്നത്’ എന്നാണ് ഇവർ ഭീഷണി സന്ദേശത്തിൽ പറയുന്നത്. യുഎൻ ജനറൽ അസംബ്ലിയിലും ക്വാഡ് നേതാക്കളുടെ കൂടിക്കാഴ്ചയിലും പങ്കെടുക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി അമേരിക്കയിൽ എത്തുന്നത്. ഈ ദിവസങ്ങളിൽ വൈറ്റ് ഹൗസിന് മുന്നിൽ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുമെന്നാണ് ഖാലിസ്താനി തീവ്രവാദികൾ പറയുന്നത്.
പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തിന് മുന്നോടിയായി നിരവധി പാകിസ്ഥാനി നമ്പറുകളിൽ നിന്നായി ഐഎസ്‌ഐ ഏജന്റുമാർ പ്രത്യേക അജണ്ടയോടെ മോദി വിരുദ്ധത പ്രചരിപ്പിക്കുന്നുണ്ടെന്ന് സുരക്ഷ ഏജൻസികൾ പറഞ്ഞു. പ്രധാനമന്ത്രി അമേരിക്കയിലെത്തുന്ന സമയത്ത് ജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്താനാണ് ഖാലിസ്താനി തീവ്രവാദികളുടെ ശ്രമം.
സോഷ്യൽമീഡിയയിലൂടെ തീവ്രവാദികൾ മോദി വിരുദ്ധതയും ഇന്ത്യ വിരുദ്ധതയും പ്രചരിപ്പിക്കുന്നുണ്ടെന്നും സുരക്ഷ ഉദ്യോഗസ്ഥർ പറയുന്നു. ഖാലിസ്താനി തീവ്രവാദികൾ നിയന്ത്രിക്കുന്ന ഗ്രൂപ്പുകളിലൂടെയും വെബ്‌സൈറ്റിലൂടെയും ഇന്ത്യ വിരുദ്ധ പ്രചാരണങ്ങളും ശക്തമാണ്. യുവാക്കൾ ഇന്ത്യക്കെതിരായി പ്രക്ഷോഭം നടത്തണമെന്നും, ഇവർക്ക് വിദേശരാജ്യങ്ങളിൽ പൗരത്വം നേടുന്നതിന് സഹായം ലഭിക്കുമെന്നും തീവ്രവാദികൾ വാഗ്ദാനം ചെയ്യുന്നു.
Post Your Comments