തിരുവനന്തപുരം: നിസാമുദീന്‍ എക്‌സ്പ്രസിലെ കവര്‍ച്ചയില്‍ പരാതിക്കാരില്‍ ഒരാളായ തമിഴ്‌നാട് സ്വദേശിനി കൗസല്യയുടെ ആദ്യ മൊഴി കള്ളമെന്ന് തെളിഞ്ഞു. കോയമ്പത്തൂരില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ മയങ്ങിപ്പോയെന്നും തിരുവനന്തപുരത്തെത്തി ഉണര്‍ന്നതോടെ പതിനാലായിരം രൂപയുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയെന്നുമായിരുന്നു കൗസല്യയുടെ ആദ്യ മൊഴി. എന്നാല്‍ കൗസല്യയുടെ ഫോണ്‍ വിളികള്‍ പരിശോധിച്ചതോടെ കളമശേരി എത്തുന്നത് വരെ ഇവര്‍ ഫോണ്‍ വിളിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും മൊഴിയെടുത്തതോടെയാണ് ആദ്യം പറഞ്ഞത് കള്ളമായിരുന്നുവെന്ന് സമ്മതിച്ചത്.
ഭക്ഷണം കഴിച്ചതിന് പിന്നാലെ മയങ്ങിപ്പോയതല്ല, പലപ്പോഴായി ഉറങ്ങിയതാണ്. ആലുവ പിന്നിട്ടത് അറിയാതിരുന്നതിനാലാണ് ഇറങ്ങേണ്ട സ്റ്റേഷനില്‍ ഇറങ്ങാതിരുന്നതെന്നും അവര്‍ പൊലീസിന് മൊഴി നല്‍കി. കള്ളമൊഴി നല്‍കിയ സാഹചര്യത്തില്‍ കൗസല്യക്ക് മോഷണവുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ചു. എന്നാല്‍ കൗസല്യയെ സംശയിക്കേണ്ടതില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അതോടൊപ്പം തിരുവല്ല സ്വദേശികളുടെ സ്വര്‍ണം കവര്‍ന്നതും കൗസല്യയുടെ മൊബൈല്‍ മോഷ്ടിച്ചതും ഒരാളല്ലന്നും കരുതുന്നു.
ഫോണില്‍ ചാര്‍ജ് കുറവായതിനാല്‍ സഹയാത്രികനായ ഉത്തരേന്ത്യക്കാരനില്‍ നിന്ന് കൗസല്യ ചാര്‍ജര്‍ വാങ്ങി ഉപയോഗിച്ചിരുന്നു. കൊല്ലത്തേക്ക് ടിക്കറ്റെടുത്ത ഇയാളാകാം മൊബൈല്‍ കവര്‍ന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഞായറാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെത്തിയ നിസാമുദീന്‍ എക്‌സ്പ്രസിലെ യാത്രക്കാരായ അമ്മയും മകളും ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ ലഹരിമരുന്ന് നല്‍കി മയക്കിയ ശേഷം സ്വര്‍ണം കവര്‍ന്നെന്നായിരുന്നു ആദ്യ കേസ്. ഉത്തര്‍പ്രദേശില്‍ താമസിക്കുന്ന തിരുവല്ല സ്വദേശികളും കോയമ്പത്തൂരുകാരി കൗസല്യയുമായിരുന്നു പരാതി നല്‍കിയത്.
Post Your Comments