തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ലൈന്‍ അതിവേഗ റെയില്‍ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദേശീയ ഹരിത ട്രിബ്യൂണലിന് മുന്നില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. പാരിസ്ഥിതികാനുമതി കിട്ടുന്നതിനു മുമ്പ് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പിആര്‍ ശശികുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സത്യവാങ്മൂലം. കേന്ദ്ര സര്‍ക്കാരിന് വേണ്ടി പരിസ്ഥിതി മന്ത്രാലയം ബെംഗളൂരു മേഖലാ ഓഫീസിലെ ശാസ്ത്രജ്ഞന്‍ ഡോ. മുരളീ കൃഷ്ണയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
2006ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ദേശീയ പാതകള്‍, കെട്ടിട നിര്‍മാണങ്ങള്‍ തുടങ്ങിയ 39 വികസന പദ്ധതികളും പ്രവര്‍ത്തികളാണ് ഉള്‍പ്പെടുന്നത്. ഇക്കൂട്ടത്തില്‍ റെയില്‍വേയും റെയില്‍വേ പദ്ധതികളുമില്ല. അതുകൊണ്ട് തന്നെ സില്‍വര്‍ലൈന്‍ പദ്ധതിക്ക് പാരിസ്ഥികാനുമതി ആവശ്യമില്ലെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട്.
കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ 2006 ലെ ഇ.ഐ.എ വിജ്ഞാപനപ്രകാരം റെയില്‍ പദ്ധതികളെ പാരിസ്ഥിതിക അനുമതി നേടേണ്ട പദ്ധതികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ രാജ്യത്ത് നടപ്പാക്കുന്ന റെയില്‍ പദ്ധതികള്‍ക്ക് അത്തരം അനുമതിയുടെ ആവശ്യമില്ലെന്ന് നേരത്തെ കെ-റെയില്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments