ആലപ്പുഴ: പൂച്ചാക്കലില്‍ വിപിന്‍ലാല്‍ കൊലപാതക കേസില്‍ ഒളിവില്‍ പോയ 5 പ്രതികൾ പോലീസ് പിടിയിലായി. ചേർത്തല തൈക്കാട്ടുശ്ശേരിയില്‍ രോഹിണിയിൽ വിപിൻലാലിനെ (37) മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് ഒരു സംഘം യുവാക്കൾ വിപിൻലാലിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.
സംഭവം നടന്ന ദിവസം തന്നെ കേസിലെ പ്രധാന പ്രതി തൈക്കാട്ടുശ്ശേരി മാക്കേക്കടവ് കണിയാം ചിറയിൽ സുജിത്തിനെ (27) പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് മറ്റ് പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കേസിലെ പ്രതികളായ തൈക്കാട്ടുശ്ശേരി ഒൻപതാം വാർഡ് ശ്രീശൈലത്തിൽ അഭിജിത്ത് (27), പത്താം വാർഡ് സുഭാഷ് ഭവനത്തിൽ സുധീഷ് (23), പത്താം വാർഡ് പണിക്കാം വേലി വീട്ടിൽ ജിബിൻ (28), പത്താം വാർഡ് ചീരാത്തുകാട്ടിൽ അനന്ദകൃഷ്ണൻ (25) എന്നിവരെ ഇടുക്കിയിൽ നിന്ന് പിടികൂടിയത്.
വിപിന്‍ലാലിന്‍റെ ജോലിക്കാരനായ വിവേകിന്‍റെ സഹോദരിയുടെ ഫോണിൽ ഒരു യുവാവ് അയച്ച അശ്ലീല സന്ദേശമായിരുന്നു സംഘർഷത്തിന് കാരണമായത്. വിപിൻലാലിന്റെ മധ്യസ്ഥതയിൽ വിഷയം പരിഹരിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് സംഘർഷമുണ്ടായത്. വിവേകിനൊപ്പം വിപിൻ ലാൽ സന്ദേശം അയച്ച യുവാവിന്റെ വീട്ടിലെത്തി പ്രശ്നം പരിഹരിച്ചിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെ അശ്ലീല സന്ദേശം അയച്ച യുവാവിന്റെ സുഹൃത്ത് സുജിത്തും കൂട്ടാളികളുമെത്തിയാണ് ആക്രമണം നടത്തിയത്.
ശുചിമുറി മാലിന്യം ശേഖരിക്കുന്ന വാഹനത്തിന്റെ ഉടമയായ വിപിൻലാൽ ശനിയാഴ്ച രാത്രി ജോലിക്ക് പോകുന്നതിന്നായി വീടിനടുത്തുള്ള റോഡിൽ നിൽക്കവെയാണ് സംഭവം. ആക്രമണത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ വിപിൻ ലാൽ ആശുപത്രിയിലേയ്ക്കുള്ള യാത്രാമദ്ധ്യേ മരിക്കുകയായിരുന്നു.
Post Your Comments