ന്യൂഡല്‍ഹി: ഇന്ധനവില സകല പരിധിയും വിട്ടുയരുന്നതിന്റെ പശ്ചാത്തലത്തിൽ പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പടുത്തുന്നത് കേന്ദ്ര സർക്കാരിന്റെ ആലോചനയിൽ. വെള്ളിയാഴ്ച ലഖ്‌നൗവില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും. പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ ശക്തമായി എതിര്‍ക്കാനാണ് കേരളത്തിന്റെ തീരുമാനമെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.
നികുതി നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ട്. ഈ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് പുതിയ തീരുമാനമെന്നാണ് സംസ്ഥാനത്തിന്റെ വാദം. കേരളത്തിന് പുറമേ മറ്റ് ചില സംസ്ഥാനങ്ങളും ഇതേ അഭിപ്രായക്കാരാണ്. സമാനമായ അഭിപ്രായമുള്ള മറ്റ് സംസ്ഥാനങ്ങളുമായി കൗണ്‍സില്‍ യോഗത്തിന് മുന്‍പ് കൂടിയാലോചന നടത്താനും സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. പെട്രോള്‍-ഡീസല്‍ വില ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിച്ചുകൂടെ എന്ന് കേരള ഹൈക്കോടതി മുന്‍പ് ചോദിച്ചിരുന്നു.
പെട്രോള്‍, ഡീസല്‍ നികുതി ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് കേന്ദ്രത്തിന് എതിർപ്പില്ല. അതേസമയം ഇനി സംസ്ഥാനങ്ങൾ എതിർത്താൽ കേന്ദ്രത്തിന് സംസ്ഥാനങ്ങള്‍ അംഗീകരിച്ചില്ലെന്ന ന്യായീകരണം ഉയർത്താനാവും.
Post Your Comments