
ആഴിമല: തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് ആഴിമല. ഭക്തരെക്കാൾ കൂടുതൽ വിനോദ സഞ്ചാരികളുടെ പറുദീസയാണ് ഈ പ്രദേശം. ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ആഴിമല. കടൽത്തീരത്തിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ക്ഷേത്രം എന്നതാണ് ഈ ക്ഷേത്രത്തെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത്. കേരളത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമയാണ് ഇവിടുത്തെ മുഖ്യ ആകർഷണം. 56 അടി ഉയരത്തിലുള്ള മഹേശ്വരന്റെ പ്രതിമയാണിത് ഗംഗാധരേശ്വര പ്രതിമ എന്നാണ് ഇതിന്റെ പേര്. പൂർണ്ണമായും കോൺക്രീറ്റിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
ക്ഷേത്രത്തോട് ചേർന്ന് കിടക്കുന്ന പാറക്കെട്ടുകളും കടൽത്തീരവും എന്നും സഞ്ചാരികളെ ആകർഷിച്ചുകൊണ്ടേയിരിക്കും. ഒരുപക്ഷെ വേനലാവധിക്കാലങ്ങളൊക്കെ കുടുംബമായി ചിലവഴിക്കാൻ കഴിയുന്ന ഏറ്റവും നല്ലൊരിടമായി തന്നെ ആഴിമല തിരഞ്ഞെടുക്കാവുന്നതാണ്. പക്ഷെ ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്. കാണുമ്പോൾ ഭംഗി തോന്നുമെങ്കിലും ഏറ്റവും അപകടം പിടിച്ച പാറക്കെട്ടുകളാണ് ആഴിമലയിൽ ഉള്ളത്. ഒന്ന് പിടിവിട്ടാൽ കടലിന്റെ ഗർത്തങ്ങളിലേക്ക് നിങ്ങൾ ചെന്ന് പതിച്ചേക്കാം. കടൽ കൂടുതൽ ക്ഷോഭമായിരിക്കുന്ന സാഹചര്യങ്ങളിൽ ഒന്നും തന്നെ ഈ പ്രദേശത്തേക്ക് ഇറങ്ങാനോ മറ്റോ കഴിയുകയില്ല. കാരണം പാറക്കെട്ടുകൾക്ക് മുകളിലേക്ക് പോലും തിരകൾ അടിച്ചു കയറുക ഇവിടെ പതിവാണ്.
ആഴിമലയിലെ പാറക്കെട്ടുകൾക്കിടയിൽ അപകടം പതിവാണ്. ഇന്നലെ സെല്‍ഫി എടുക്കുന്നതിനിടെ കടലില്‍ വീണ് തിരുവല്ലം സ്വദേശിയായ ജയൻ എന്നയാൾ മരണപ്പെട്ടിട്ടുണ്ട്. കടലില്‍ വീണ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇയാളുടെ മൃതദേഹം ലഭിച്ചത്. സെല്‍ഫി എടുക്കുന്നതിനിടെ അബദ്ധത്തില്‍ കടലില്‍ വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്ഷേത്രത്തോട് ചേർന്ന് കിടക്കുന്ന ഗോവയ്ക്ക് സമാനമായ പാറക്കെട്ടുകളും ബീച്ചും മറ്റും എന്നും സഞ്ചാരികൾക്ക് ആകർഷണമാണെങ്കിലും പതിയിരിക്കുന്ന ഈ അപകടങ്ങളും കാണാതെ പോകരുത്.
Post Your Comments