അയോധ്യ: 41 ദിവസം കൊണ്ട് മുംബൈയിൽ നിന്ന് കാൽനടയായി യാത്ര ചെയ്ത് മുസ്ലീം യുവതി അയോധ്യയിലെത്തി. രാമക്ഷേത്രം സന്ദർശിക്കാൻ വേണ്ടിയാണ് മുംബൈ സ്വദേശിനിയായ ശബ്‌നം എന്ന മുസ്ലീം യുവതി അയോധ്യയിലെത്തിയത്. സുഹൃത്തുക്കളായ രമൺ രാജ് ശർമ്മ, വിനീത് പാണ്ഡെ എന്നിവർക്കൊപ്പമാണ് ഷബ്‌നം മുംബൈയിൽ നിന്നും അയോധ്യയിലേക്ക് കാൽനടയായി യാത്ര ചെയ്തത്.
1,425 കിലോമീറ്റർ ദൂരമാണ് കാൽനടയായി ഇവർ സഞ്ചരിച്ചത്. അയോധ്യയിലെത്തി ബാലകരാമനെ ഇവർ തൊഴുതു. ഇത്രയധികം ദൂരം കാൽനടയായി നടക്കാനുള്ള കാരണവും ഷബ്‌നം വിശദീകരിച്ചു. ശ്രീരാമനോടുള്ള ഭക്തി മൂലമാണ് കാൽനടയായി അയോധ്യയിലേക്ക് യാത്ര ആരംഭിച്ചതെന്നാണ് ഷബ്‌നം പറയുന്നത്. അയോധ്യ ക്ഷേത്രം സന്ദർശിക്കുന്ന ചിത്രങ്ങളും ഷബ്‌നം പങ്കുവെച്ചിട്ടുണ്ട്.
രാമനെ ആരാധിക്കാൻ ഒരാൾ ഹിന്ദുവായിരിക്കേണ്ട ആവശ്യമില്ല. ഒരു നല്ല മനുഷ്യനായിരിക്കുക എന്നതാണ് പ്രധാനം. ഭഗവാൻ രാമൻ ജാതിയോ മതമോ നോക്കാതെ എല്ലാവരുടേതുമാണെന്നും ഷബ്‌നം വ്യക്തമാക്കുന്നു. നിരവധി ആളുകൾ തനിയ്ക്ക് ‘ജയ് ശ്രീറാം’ ആശംസകൾ നേരുകയും യാത്രയ്ക്ക് ഐക്യദാർഢ്യം പങ്കുവെക്കുകയും ചെയ്തുവെന്നും ഷബ്‌നം കൂട്ടിച്ചേർത്തു.
ജനുവരി 22 നാണ് അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്നത്. ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകിയത് ജനുവരി 23-നാണ്. അന്നേദിവസം 5 ലക്ഷത്തിലധികം ആളുകളാണ് ദർശനം നടത്തിയത്. ഓരോ ദിവസവും ഭക്തരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ആരതിയുടെയും ദർശനത്തിന്റെയും പുതുക്കിയ സമയക്രമം കഴിഞ്ഞ ദിവസം അധികൃതർ പുറത്തുവിട്ടിരുന്നു. രാവിലെ 7 മണി മുതലാണ് ഭക്തർക്ക് ക്ഷേത്രദർശനം അനുവദിച്ചിരിക്കുന്നത്.
Post Your Comments