ചെന്നൈ : നീറ്റ് പരീക്ഷയില്‍ നിന്ന് പിന്മാറാനുള്ള ബില്ല് തിങ്കളാഴ്ച തമിഴ്നാട് നിയമസഭയില്‍ പാസാക്കി. സംസ്ഥാനം പരീക്ഷയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിന്മാറി പകരം പന്ത്രണ്ടാം ക്ലാസ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോഴ്സുകളിലേക്ക് പ്രവേശനം നടത്താനാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. സാമൂഹിക നീതി ഉറപ്പാക്കാനാണ് ഈ ബില്ല് പാസാക്കുന്നതെന്നാണ് ഭരണകക്ഷിയായ ഡിഎംകെയുടെ പക്ഷം. നേരത്തെ നീറ്റിനെതിരെ പ്രമേയം പാസാക്കിയിരുന്നെങ്കിലും നിയമനിര്‍മ്മാണവുമായി ആദ്യമായാണ് തമിഴ്നാട് നിയമസഭ മുന്നോട്ട് വരുന്നത്.
മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ബില്ല് അവതരിപ്പിച്ചത്. മുഖ്യ പ്രതിപക്ഷമായ എഐഡിഎംകെയും അവരുടെ സഖ്യകക്ഷിയായ പിഎംകെ അടക്കം ഏതാണ്ട് എല്ലാ പാര്‍ട്ടികളും ബില്ലിനെ പിന്തുണച്ചപ്പോള്‍ ബിജെപി എംഎല്‍എമാര്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി. റിട്ടയേര്‍ഡ് ജഡ്ജ് ആയ എ.കെ രാജന്റെ നേതൃത്വത്തിലുള്ള ഉന്നത തല കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാലിന്‍ ബില്ല് അവതരിപ്പിച്ചത്. കഴിഞ്ഞ ജൂലൈയില്‍ തന്നെ മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നായി 86,000 പേരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് ഈ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതില്‍ ഭൂരിപക്ഷം പേരും നീറ്റ് പരീക്ഷ വേണ്ടെന്ന നിലപാട് ഉള്ളവരായിരുന്നു.
Post Your Comments