COVID 19KeralaLatest NewsNews

കൊവിഡ് ബാധിതന്‍ മരിച്ചെന്ന വ്യാജ അറിയിപ്പ്: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കൊവിഡ് രോഗി മരിച്ചെന്ന വ്യാജ സന്ദേശം ബന്ധുക്കളെ അറിയിച്ച മെഡിക്കല്‍ കോളജ് അധികൃതര്‍ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ആശുപത്രി സൂപ്രണ്ട് രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നല്‍കിയ സംഭവത്തിലും വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. അതേസമയം വ്യാജ സന്ദേശം സംബന്ധിച്ച് അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു.

വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കൊവിഡ് ചികിത്സയിലിരിക്കെ കായംകുളം പള്ളിക്കല്‍ സ്വദേശി രമണന്‍ മരിച്ചെന്ന അറിയിപ്പ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ബന്ധുക്കള്‍ക്ക് കിട്ടുകയായിരുന്നു. മൃതദേഹം ഏറ്റുവാങ്ങാന്‍ രാവിലെ എത്തണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഇതിനിടെ, കൊവിഡ് മാനദണ്ഡപ്രകാരം സംസ്‌കാരം നടത്താനുള്ള ഒരുക്കങ്ങളും രമണന്റെ വീട്ടില്‍ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പൂര്‍ത്തിയാക്കി. എന്നാല്‍ ആംബുലന്‍സുമായി വീട്ടുകാര്‍ രാവിലെ ആശുപത്രിയിലെത്തിയപ്പോഴാണ് രമണന്‍ ജീവനോടെ ഉണ്ടെന്ന് മനസിലായത്.

കൊവിഡ് രോഗികള്‍ മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബന്ധുക്കളെ കൃത്യമായി അറിയിക്കാതെയിരിക്കുക, മൃതദേഹങ്ങള്‍ മാറി നല്‍കുക തുടങ്ങി ഗുരുതര വീഴ്ചകള്‍ നേരത്തെയും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ ഉയര്‍ന്നു വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button