ആലപ്പുഴ: രാത്രി ഇരുട്ടി വെളുക്കും മുമ്പേ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ നഷ്ടപ്പെട്ട നടുക്കത്തിലാണ് വണ്ടാനം മെഡിക്കല്‍ കോളേജ്. കോളേജ് ഹോസ്റ്റലില്‍ താമസിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ വൈകീട്ടോടെ പുറത്തിറങ്ങിയിരുന്നുവെന്നും ഇതിനിടെയാണ് അപകടം സംഭവിച്ചതെന്നും വണ്ടാനം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ മറിയം വര്‍ക്കി പറഞ്ഞു. മിടുക്കരായ വിദ്യാര്‍ത്ഥികളെയാണ് നഷ്ടപ്പെട്ടത്. നാല് വിദ്യാര്‍ത്ഥികളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
വിദ്യാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും സംഭവിക്കുന്നത് അധ്യാപികയെന്ന നിലയില്‍ വേദനയുണ്ടാക്കുന്ന കാര്യമാണെന്നും റിപ്പോർട്ടറിൻ്റെ മോർണിംഗ് ഷോയായ കോഫി വിത്ത് അരുണിൽ സംസാരിക്കവെ പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.’അപകടത്തെ കുറിച്ച് അറിഞ്ഞയുടന്‍ അധ്യാപകരുള്‍പ്പെടെ എല്ലാവരും ആശുപത്രിയില്‍ എത്തിയിരുന്നു. അമ്പലപ്പുഴ എംഎല്‍എ എച്ച് സലാമും ആശുപത്രിയിലെത്തിയിരുന്നു. ഗവ. ഹോസ്റ്റലില്‍ തന്നെയായിരുന്നു കുട്ടികള്‍ താമസിച്ചിരുന്നത്.
എന്തോ ആവശ്യത്തിന് അവര്‍ നേരത്തേ ഹോസ്റ്റലില്‍ നിന്നും ഇറങ്ങിയിരുന്നുവെന്നാണ് വിവരം. നല്ല മഴയുണ്ടായിരുന്നു. വൈകുന്നേരം മുതല്‍ മഴ കനക്കുന്നതിനാല്‍ വിഷന്‍ വളരെ കുറവായിരുന്നു. പതിനൊന്ന് കുട്ടികളാണ് കാറിലുണ്ടായിരുന്നത്. അഞ്ച് പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. നാല് പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. രണ്ട് പേര്‍ക്ക് വലിയ പരിക്കുകളില്ല. കുട്ടികള്‍ അപകടനില ഇനിയും തരണം ചെയ്തിട്ടില്ല. ഗുരുതര പരിക്കേറ്റ നാല് വിദ്യാര്‍ത്ഥികളും ഐസിയുവിലാണ്’, പ്രിൻസിപ്പൽ പറഞ്ഞു.
‘എല്ലാവരേയും പരിചയമുണ്ട്. അഡ്മിഷന്‍ സമയത്ത് എല്ലാവരേയും കണ്ട് സംസാരിച്ചതാണ്. ലക്ഷദ്വീപില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിയുണ്ട്. ആ കുട്ടിയുടെ മാതാപിതാക്കള്‍ എപ്പോഴും വിളിക്കുമായിരുന്നു. വിദ്യാര്‍ത്ഥികള്‍ മരണപ്പെടുക എന്ന് പറയുന്നത് ഒരു ടീച്ചര്‍ എന്ന നിലയ്ക്ക് താങ്ങാന്‍ സാധിക്കുന്നതല്ല. മിടുക്കരായ വിദ്യാര്‍ത്ഥികളാണ് നഷ്ടപ്പെട്ടത്. മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം,’ മറിയം വര്‍ക്കി പറഞ്ഞു.
Post Your Comments