ദുബായ്: 15 വയസിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം പാർട്ടൈം ജോലി ചെയ്യാമെന്ന പ്രഖ്യാപനം ഈ അടുത്തിടെയാണ് യുഎഇ നടത്തിയത്. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ അധികൃതർ പ്രഖ്യാപിച്ചു. ഏതെങ്കിലും സംരംഭവുമായി ബന്ധപ്പെട്ട് 6 മാസം വരെയോ വർഷത്തിൽ ഏതാനും മണിക്കൂറുകളോ ജോലി ചെയ്യാനാണ് വിദ്യാർത്ഥികൾക്ക് അനുമതി ലഭിച്ചിരിക്കുന്നത്. യുഎഇയുടെ സുവർണ ജൂബിലിയോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പ്രൊജക്ട് ഓഫ് 50 യുടെ ഭാഗമായാണ് പ്രഖ്യാപനം.
Read Also: ഓൺലൈൻ ലോണായി രണ്ടു ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി: സഹോദരങ്ങൾ അറസ്റ്റിൽ
15 മുതൽ 18 വയസ്സുവരെ ഉള്ളവർക്ക് പഠനത്തോടൊപ്പം പാർട് ടൈം ജോലി ചെയ്യാം. താമസ വിസയുള്ള വിദ്യാർഥികൾക്ക് രക്ഷിതാക്കളുടെ അനുമതിയോടെ ജോലി ചെയ്യാനാണ് അവസരം. വിദ്യാർത്ഥികൾ ശാരീരിക ക്ഷമതയുള്ളവരായിരിക്കണം. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ട്രെയിനിങ് പെർമിറ്റ് ഉണ്ടായിരിക്കണമെന്നാണ് നിർദ്ദേശം. മന്ത്രാലയം വെബ്‌സൈറ്റിലോ വജെഹ്നി ആപ് വഴിയോ ഇതിനായി രജിസ്റ്റർ ചെയ്യാം. തസ്ഹീൽ സർവീസ് സെന്ററുകളിലും അപേക്ഷ ലഭ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
അപകടകരമായ ജോലി, രാത്രി ജോലികൾ, അവധി ദിവസങ്ങളിലെ ജോലി, ഓവർടൈം എന്നിവയ്ക്ക് അനുവാദം ഉണ്ടായരിക്കില്ല. ആരോഗ്യ, തൊഴിൽ സുരക്ഷയെ ക്കുറിച്ച് കുട്ടികൾക്കു മതിയായ പരിശീലനം നൽകണം. ഒരു ദിവസം 6 മണിക്കൂർ ജോലി, ഒരു മണിക്കൂർ ഇടവേള എന്നിവയാണ് തൊഴിലുടമ പാലിക്കേണ്ട മറ്റു നിബന്ധനകൾ. കരാർ കാലയളവു പൂർത്തിയാക്കിയാലുടൻ തൊഴിൽ മികവു രേഖപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകണം. വിദ്യാർഥിയുടെയും രക്ഷിതാവിന്റെയും പാസ്‌പോർട്ടിന്റെയും താമസവിസയുടെയും പകർപ്പുകൾ, പാർട് ടൈം കരാറിന്റെ പകർപ്പ്, പാസ്‌പോർട് സൈസ് ഫോട്ടോ, മെഡിക്കൽ സർട്ടിഫിക്കറ്റ്, രക്ഷിതാവിന്റെ സമ്മതപത്രം എന്നിവയാണ് സമർപ്പിക്കേണ്ട രേഖകൾ.
Post Your Comments