കുന്നംകുളം: കിഴൂര്‍ സെന്റര്‍ മാത്തോട്ടത്ത് വവ്വാൽ ചത്തു വീണത് നാട്ടുകാരിൽ ആശങ്ക പടർത്തി. നിപ്പ ഭീതി നിലനിൽക്കെ വവ്വാൽ ചത്തു വീണത് ശ്രദ്ധയിൽപെട്ട ഉടൻ പ്രദേശവാസിയായ യുവാവ് ആരോഗ്യപ്രവർത്തകരെയും പൊതുപ്രവർത്തകരെയും അറിയിക്കുകയായിരുന്നു.
കുന്നംകുളം നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍, കുന്നംകുളം മൃഗാശുപത്രി സീനിയര്‍ വെറ്ററിനറി സര്‍ജന്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവർ സ്ഥലത്തെത്തി, തുടർന്ന് വവ്വാലിനെ സുരക്ഷിതമായി പ്ലാസ്റ്റിക് കവറിലാക്കി വെറ്ററിനറി കേന്ദ്രത്തിലേക്ക് അയച്ചു. നിലവിൽ പ്രദേശത്ത് നിപ്പ ഭീതിയില്ലാത്തിടത്തോളം പേടിക്കേണ്ടതില്ലെന്നും വവ്വാലുകൾ കൂട്ടമായി ചത്തു വീഴുന്നതു ശ്രദ്ധയിൽപെട്ടാൽ മാത്രം അധികൃതരെ അറിയിച്ചാൽ മതിയെന്നും ഡോ. ജേക്കോ പറഞ്ഞു.
Also Read: ഓൺലൈൻ ലോണായി രണ്ടു ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി: സഹോദരങ്ങൾ അറസ്റ്റിൽ
അതേസമയം നിപ്പ വൈറസ് വവ്വാലുകളുടെ ശരീരത്തിൽ ഹാനികരമല്ലാത്തതിനാൽ ഇവ ചത്തു വീഴാൻ കാരണമാകില്ലെന്നാണ് വിദഗ്ധർ പറയുന്നത്. വൈറസ് സാന്നിധ്യമുള്ള വവ്വാൽ പഴങ്ങൾ കടിച്ചത് ഉമിനീരിലൂടെയോ കാഷ്ഠത്തിലൂടെയോ പുറത്തു വന്നു മനുഷ്യരിൽ എത്തുമ്പോഴാണ് രോഗകാരണമാകുന്നത്. നിപ്പ വൈറസിന്റെ റിസർവോയറുകളാണ് പഴംതീനി വവ്വാലുകൾ. ഇവ ഗർഭിണിയായിരിക്കുകയോ ഭയപ്പെടുകയോ ചെയ്യുന്നതുപോലെയുള്ള സാഹചര്യങ്ങളിലാണ് വൈറസ് പുറത്തുവരികയെന്ന് മൃഗജന്യരോഗങ്ങളെക്കുറിച്ചു പഠനം നടത്തുന്ന വിദഗ്ധർ പറയുന്നു.
Post Your Comments