കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ താലിബാൻ സർക്കാരിന്റെ നിയമങ്ങൾ ഓരോന്നായി നടപ്പിലാക്കപ്പെടുന്നു. മുഖം മൂടിക്കെട്ടിയ അഫ്ഗാൻ സ്ത്രീകൾ കാബൂൾ യൂണിവേഴ്സിറ്റിയിലെ പ്രഭാഷണ തിയേറ്ററിൽ നിരനിരയായി ഇരിക്കുന്നതിന്റെ ചിത്രമാണ് ഇപ്പോൾ പുറത്തുവരുന്നത്. ശരീയത്ത് നിയമപ്രകാരം സ്ത്രീകൾ ബുർഖ ധരിക്കണമെന്നുണ്ട്. സർക്കാരിന്റെ പുതിയ നിയമം അനുസരിച്ച് നിരവധി അഫ്ഗാൻ സ്ത്രീകളാണ് വിദ്യാഭ്യാസത്തിനായി ബുർഖ ധരിച്ച് യൂണിവേഴ്സിറ്റിയിൽ ഹാജരായത്.
തല മുതൽ കാൽ വരെ മൂടിയ വസ്ത്രം ധരിച്ച് യൂണിവേഴ്സിറ്റിയിൽ എത്തിയ യുവതികൾ താലിബാൻ പതാകകൾ ഉയർത്തി. യൂണിവേഴ്സിറ്റിയിൽ എത്തിയ സ്ത്രീകളിൽ ഭൂരിഭാഗം പേരും കണ്ണുകൾ പോലും കാണാത്ത തരത്തിലുള്ള ബുർഖയും കറുത്ത നിഖാബുകളും ധരിച്ചിരുന്നു. പലരും കറുത്ത കയ്യുറകളും ധരിച്ചിരുന്നു.
താലിബാൻ അനുകൂല മുദ്രാവാക്യം വിളിച്ചും അനുകൂല പ്രതിഷേധം നടത്തിയും അഫ്ഗാൻ സ്ത്രീകൾ തങ്ങൾ താലിബാന്റെ ‘ശരീയത്ത്’ നിയമം അനുസരിക്കുകയാണെന്ന് പരോക്ഷമായി സമ്മതിക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തലസ്ഥാനമായ കാബൂളിലെ ഷഹീദ് റബ്ബാനി വിദ്യാഭ്യാസ സർവകലാശാലയിൽ നടത്തിയ പ്രസംഗങ്ങൾക്ക് പിന്നാലെയാണ് യുവതികൾ താലിബാൻ അനുകൂല റാലി നടത്തിയത്.
‘സ്ത്രീകളുടെ പ്രതിനിധികളാണെന്ന് അവകാശപ്പെട്ട് തെരുവിൽ സമരം ചെയ്യുന്ന സ്ത്രീകൾക്ക് ഞങ്ങളുടെ പിന്തുണ ഇല്ല. കഴിഞ്ഞ സർക്കാർ സ്ത്രീകളെ ദുരുപയോഗം ചെയ്യുകയായിരുന്നു. അവർ അവരുടെ സൗന്ദര്യം കൊണ്ട് മാത്രമാണ് സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നത്’, താലിബാൻ അനുകൂല മുദ്രാവാക്യം വിളിച്ച് റാലിയുടെ മുൻനിരയിൽ നിന്ന യുവതി വിളിച്ച് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ അഫ്ഗാനിസ്ഥാനിലുടനീളം താലിബാനെതിരെ പ്രതിഷേധിച്ച സ്ത്രീകളെ വനിതാ പ്രാസംഗികർ വിമർശിച്ചു. പ്രതിഷേധം സംഘടിപ്പിച്ചത് സ്ത്രീകളാണെന്നും പ്രദർശിപ്പിക്കാൻ അനുമതി നൽകുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദേശകാര്യ ഡയറക്ടർ ദൗദ് ഹഖാനി പറഞ്ഞു.
താലിബാൻറെ 1996-2001 ഭരണത്തിൽ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങൾ ഓരോന്നായി ഇല്ലാതായിരുന്നു. എന്നാൽ, തിരിച്ച് വരവിൽ സ്ത്രീകളുടെ അവകാശങ്ങൾ ഇല്ലാതാക്കില്ലെന്നായിരുന്നു താലിബാൻ പറഞ്ഞത്. ആൺകുട്ടികളും പെൺകുട്ടികളും ഒരു ക്ലാസ് മുറിയിൽ ഇരുന്ന് പഠിക്കരുതെന്നും, ഇനി അഥവാ അങ്ങനെ ആണെങ്കിൽ പരസ്പരം കാണാതിരിക്കാൻ ഒരു മറ ആവശ്യമാണെന്നും താലിബാൻ അറിയിച്ചു. തുടർന്ന് ഇത് നിരവധി ക്ളാസുകളിൽ നടപ്പിലാക്കുകയും ചെയ്തു.
Post Your Comments