മീററ്റ്: തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് യുവാവിനെതിരെ നൽകിയ പരാതി പിൻവലിച്ച് യുവതി. പരാതി പിൻവലിച്ച ശേഷം യുവാവിനെ പോലീസ് സ്റ്റേഷനിൽ വെച്ച് യുവതി നിക്കാഹ് ചെയ്തു. ലിസാരി ഗെയ്റ്റിന് സമീപമുള്ള പോലീസ് സ്റ്റേഷനിലാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിനു ശേഷമാണ് യുവതി പോലീസ് സ്റ്റേഷനിൽ എത്തി പരാതി വ്യാജമാണെന്നും പിൻവലിക്കുകയാണെന്നും പറഞ്ഞത്. ശേഷം ഇവിടെ വെച്ച് തന്നെ യുവാവിനെ നിക്കാഹ് ചെയ്യുകയായിരുന്നുവെന്ന് സ്റ്റേഷൻ ഓഫീസർ റാം സഞ്ജീവൻ പറയുന്നു.
Also Read:കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 744 പുതിയ കേസുകൾ മാത്രം
തന്റെ വീട്ടുകാരുടെ നിർബന്ധത്തെ തുടർന്നാണ് യുവാവിനെതിരെ വ്യാജ ബലാത്സംഗ പരാതി നൽകിയതെന്ന് യുവതി പറയുന്നു. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാൽ, യുവാവുമായുള്ള ബന്ധം പെൺകുട്ടിയുടെ വീട്ടുകാർ അംഗീകരിച്ചില്ല. കൂടാതെ ഇയാൾക്കെതിരെ ബലാത്സംഗപരാതി നൽകാനും സമ്മർദ്ദം ചെലുത്തി. ഇതോടെയാണ് യുവാവിനെതിരെ ബലാത്സംഗപരാതി നൽകിയത്. പിന്നീട് പെൺകുട്ടി തന്നെ നേരിട്ടെത്തി പരാതി പിൻവലിക്കുകയായിരുന്നു.
ഇരുവരും തമ്മിലുള്ള നിക്കാഹിനു പോലീസ് സ്റ്റേഷനിലുള്ളവർ സാക്ഷികളാണ്. അഭിഭാഷകന്റെയും മൗലവിയുടെയും സാന്നിധ്യത്തിലായിരുന്നു നിക്കാഹ്. പെൺകുട്ടിയുടെ വീട്ടുകാർ കല്യാണത്തിന് പങ്കെടുത്തില്ല.
Post Your Comments