ഉള്ളൂർ : തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപ പ്രദേശങ്ങളിൽ കവർച്ച നടത്തുന്ന മോഷ്ടാവിനെ പിടികൂടാനാകാതെ മെഡിക്കൽ കോളേജ് പൊലീസ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഉള്ളൂർ ആക്കുളം റോഡിലെ നിരവധി വ്യാപാരസ്ഥാപനങ്ങളിലാണ് മാരകായുധങ്ങളുമായി എത്തി സ്ഥാപനങ്ങൾ കുത്തിത്തുറന്ന് കവർച്ച നടത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ആക്കുളം റോഡിലെ കോഴിക്കടയുടെ പൂട്ട് പൊളിച്ച് 3500 രൂപ കവർന്നത് വ്യാപാരികൾക്കിടയിൽ വൻ പ്രതിഷേധത്തിനിടയാക്കി. കഴിഞ്ഞ ആഴ്ച ഇതേ റോഡിലെ ഓയിൽ മില്ലിൽ നിന്ന് 15000 രൂപയും നഷ്ടപ്പെട്ടിരുന്നു. മില്ലിലെ ജനൽ കമ്പികൾക്കിടിയിലൂടെ കയറിയാണ് പണം കവർന്നത്. ഇളങ്കാവ് ക്ഷേത്രത്തിന് മുന്നിലുള്ള പൂക്കട കുത്തിത്തുറന്ന് 4000 രൂപ മോഷ്ടിച്ചതും ഉള്ളൂരിലെ ആക്രിക്കട കുത്തിത്തുറന്ന് പണം അപഹരിച്ചതും അടക്കമുള്ള മോഷണങ്ങളുടെ സി.സി ടിവി ദൃശ്യങ്ങൾ മെഡിക്കൽ കോളേജ് പൊലീസിന് കൈമാറിയിരുന്നു.
Read Also : മുട്ടിൽ മരംമുറി: കേസ് അട്ടിമറിക്കാൻ അണിയറ നീക്കങ്ങൾ, പ്രകൃതി സംരക്ഷണ സമിതി ഹൈക്കോടതിയിലേക്ക്
മേൽവസ്ത്രമില്ലാതെ തലയിൽ തൊപ്പിയുള്ള ആളിന്റെ ചിത്രമാണ് സി.ടി ടിവിയിലുള്ളത്. വിരലടയാളം പതിയാതിരിക്കാൻ കൈയുറയും വലത് കൈയിൽ മൂർച്ചയുള്ള ആയുധവും ദൃശ്യങ്ങളിൽ കാണാം. മോഷണങ്ങളെല്ലാം പുലർച്ചെ രണ്ടിനും നാലിനുമിടയിലാണ് നടക്കുന്നത്. ആക്രമണം ഭയന്ന് വ്യപാരികൾ പ്രദേശത്തെ പൊലീസ് സുരക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രാത്രികാല പൊലീസ് പട്രോളിംഗ് കാര്യക്ഷമമല്ലെന്ന പരാതിയും വ്യാപാരികൾക്കുണ്ട്.
Post Your Comments