കൊച്ചി: മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ അണിയറയിൽ നീക്കങ്ങൾ ശക്തമാകുന്നതായി പരാതി. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിലെ സുൽത്താൻ ബത്തേരി ഡിവൈഎസ്പി വി വി ബെന്നിയെ തിരൂരിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധം കനക്കുകയാണ്. കേസ് അന്വേഷണം ഉന്നതങ്ങളിലേക്ക് നീങ്ങിയതോടെ ഡിവൈഎസ്പി വി വി ബെന്നിയെ സ്ഥലം മാറ്റുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് കേസ് വഴി തിരിച്ചു വിടാനാണെന്നാണ് ആക്ഷേപം. സർക്കാർ നടപടികൾക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി.
Also Read: സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങൾ; വിവാദ സിലബസ് പിൻവലിക്കില്ലെന്ന് വൈസ് ചാൻസലർ
മുട്ടിൽ മരം മുറി അന്വേഷണ സംഘത്തിലുണ്ടായിരുന്ന വനം ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്ഒ ഒപി ധനേഷ് കുമാറിനെ കാസർഗോഡേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് സർക്കാർ നടപടി. മികവുറ്റ രീതിയിൽ അന്വേഷണം മുന്നോട്ടുപോകുന്നതിനിടെ ഡിവൈഎസ്പിയെ സ്ഥലം മാറ്റിയതിൽ പോലീസ് സേനക്കിടയിലും അതൃപ്തി പുകയുന്നുണ്ട്. ഉദ്യോഗസ്ഥരെ ബലിയാടാക്കി മുട്ടിൽ മരം മുറി കേസ് അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി വ്യക്തമാക്കി.
അതിനിടെ മുട്ടിൽ മരംമുറി കേസ് വെളിച്ചത്തുകൊണ്ടു വന്ന കോഴിക്കോട് ഫ്ലൈയിങ് സ്ക്വാഡ് ഡിഎഫ്ഒ പി.ധനേഷ്കുമാർ ഇനി കാസർകോട് ഡിഎഫ്ഒ. പ്രതികളുടെ ഇടപെടലിനെതുടർന്ന് ഇദ്ദേഹത്തെ അന്വേഷണ സംഘത്തിൽ നിന്നു മാറ്റിയതും പിന്നീട് സ്ഥലം മാറ്റിയതുമടക്കം വിവാദമായിരുന്നു. ഈട്ടി മരം മുറിയിലും തടി കടത്തിലും പ്രതിയായ വ്യക്തിയുമായി ചേർന്ന് സൗത്ത് വയനാട് ഡിവിഷനൽ ഓഫിസിലെ സീനിയർ സൂപ്രണ്ട് വ്യാജരേഖ ചമച്ചു എന്നതടക്കമുള്ള റിപ്പോർട്ട് കോഴിക്കോട് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിനു നൽകിയത് ഇദ്ദേഹമാണ്.
Post Your Comments