കോഴിക്കോട്: നിപ ബാധിച്ച് മരിച്ച പന്ത്രണ്ടു വയസുകാരന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതില്‍ നാല് എണ്ണം എന്‍ഐവി പൂനെയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 73 പേരുടെ സാമ്പിളുകള്‍ നെഗറ്റീവായി.
അതേസമയം, വൈറസിന്റെ ഉറവിടം കണ്ടെത്താനുളള പരിശോധന ഊര്‍ജ്ജിതമാക്കി. കോഴിക്കോട് ചാത്തമംഗലത്ത് വവ്വാലുകളെ പിടികൂടി ഇന്ന് സാമ്പിള്‍ ശേഖരിക്കും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സംഘവും മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥരുമാണ് സാമ്പിളുകള്‍ ശേഖരിക്കുന്നത്. ചാത്തമംഗലത്ത് വവ്വാലുകളുടെ ആവാസ കേന്ദ്രം കണ്ടെത്തിയിരുന്നു. ഇവിടെ വലകെട്ടി വവ്വാലുകളെ പിടികൂടാനാണ് ശ്രമം. നേരത്തെ അവശനിലയില്‍ കണ്ടെത്തിയ വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചിരുന്നു.
കൂടുതല്‍ പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും. 274 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. അതില്‍ 149 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.
Post Your Comments