താഷ്കെൻറ്: സ്കൂൾ വിദ്യാർഥിനികൾക്ക് ശിരോവസ്ത്രം ധരിക്കാൻ അനുവാദം നൽകി ഉസ്ബെക്കിസ്ഥാൻ. തീവ്ര ഇസ്ലാം മതവിശ്വാസികൾ പെൺകുട്ടികളെ പഠിക്കാൻ അയക്കാത്തതിനെ തുടർന്ന് സ്കൂളുകളിൽ പെൺകുട്ടികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതിനെ തുടർന്നാണ് നടപടി.
പെൺകുട്ടികൾക്ക് ശിരോവസ്ത്രം ധരിച്ച് സ്കൂളുകളിൽ എത്താൻ ഉസ്ബെക്കിസ്ഥാൻ വിദ്യാഭ്യാസ മന്ത്രാലയം അനുവാദം നൽക്കുകയായിരുന്നു. രാജ്യത്തെ മതേതര സർക്കാരിന്റെ തീരുമാനങ്ങളോട് ഭൂരിപക്ഷ മതമായ ഇസ്ലാം വിശ്വാസികൾ കടുത്ത പ്രതിഷേധമാണ് നടത്തുന്നത്.
മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് സോവിയറ്റ് യൂനിയനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ഉസ്ബെക്കിസ്ഥാൻ മതേതര മൂല്യങ്ങൾ ഉയർത്തിയാണ് ഭരണം നിർവ്വഹിക്കുന്നത്. സ്കൂളുകളിൽ ശിരോവസ്ത്രം ഉൾപ്പെടെയുള്ള മതപരമായ കാര്യങ്ങൾ ഉപയോഗിക്കുന്നത് സർക്കാർ വിലക്കിയിരുന്നു. ഇതേത്തുടർന്ന് തീവ്ര ഇസ്ലാം മത വിശ്വാസികളായ കുടുംബങ്ങളിൽനിന്നുള്ള കുട്ടികൾ സ്കൂളുകളിൽ വരാതായായി.
എന്നാൽ, പെൺകുട്ടികളുടെ ഉന്നമനത്തെ കരുതി സർക്കാർ തീരുമാനം പുനഃപ്പരിശോധിക്കുകയായിരുന്നു. രക്ഷിതാക്കളുടെ അഭ്യർത്ഥന മാനിച്ച് സ്കൂളുകളിൽ പെൺകുട്ടികൾക്ക് ഇളം നിറങ്ങളിലുള്ള ശിരോവസ്ത്രങ്ങൾ അനുവദിക്കാൻ തീരുമാനിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി ഷെർസോഡ് ഷെർമാറ്റോവ് വ്യക്തമാക്കി.
Post Your Comments