ദുബായ്: ദക്ഷിണാഫ്രിക്കയിലേക്ക് സർവ്വീസുകൾ വിപുലീകരിക്കാനൊരുങ്ങി എമിറേറ്റ്‌സ്. ഒക്ടോബർ മാസത്തോടെ 28 പ്രതിവാര വിമാന സർവ്വീസുകൾ ദക്ഷിണാഫ്രിക്കയിലേക്ക് ഷെഡ്യൂൾ ചെയ്യാനാണ് എമിറേറ്റ്‌സിന്റെ തീരുമാനം. കോവിഡ് വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ശേഷം ആദ്യമായാണ് ഇത്രയധികം സർവ്വീസുകൾ എമിറേറ്റ്‌സ് ദക്ഷിണാഫ്രിക്കയിലേക്ക് നടത്തുന്നത്.
ദക്ഷിണാഫ്രിക്കയിൽ നിന്നെത്തുന്നവർക്ക് ദുബായിയിൽ ക്വാറന്റെയ്ൻ ആവശ്യമില്ല. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് എമിറേറ്റ്‌സ് ദക്ഷിണാഫ്രിക്കയിലേക്കുള്ള ഫ്‌ളൈറ്റ് ഷെഡ്യൂൾ വിപുലീകരണം നടത്തിയത്.
ദുബായ് സന്ദർശിക്കുന്ന ദക്ഷിണാഫ്രിക്കൻ യാത്രക്കാർ അംഗീകൃത പ്രാദേശിക ആരോഗ്യ കേന്ദ്രത്തിൽ സാമ്പിൾ ശേഖരിച്ച് 48 മണിക്കൂറിനുള്ളിൽ എടുത്ത ക്യുആർ കോഡുള്ള കോവിഡ് പിസിആർ പരിശോധനാ ഫലം കാണിക്കേണ്ടതാണ്. ദുബായിലേക്കുള്ള യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് ആറ് മണിക്കൂറിനുള്ളിൽ പിസിആർ പരിശോധന നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
സെപ്റ്റംബർ 23 ന് ദക്ഷിണാഫ്രിക്കൻ എയർവേയ്‌സ് പ്രവർത്തനം പുനരാരംഭിക്കും. ദക്ഷിണാഫ്രിക്കയുമായുള്ള തങ്ങളുടെ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ് എമിറേറ്റ്‌സ്.
Post Your Comments