കൊച്ചി: പൈല്‍സ് ചികിത്സയ്ക്കായി ഏഴുനില ആശുപത്രി പണിത് രോഗികളിൽ ശസ്ത്രക്രിയ നടത്തിയ വ്യാജ ഡോക്ടര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. ഇടപ്പള്ളി ബൈപ്പാസിലെ അല്‍ ഷിഫ ആശുപത്രി ഉടമ ഷാജഹാന്‍ യൂസഫിനെയാണ് പൊലീസ് തിരയുന്നത്. 2017ല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയ ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം എറണാകുളം സെഷന്‍സ് കോടതി ഇയാളുടെ ജാമ്യഹര്‍ജി തള്ളിയിരുന്നു. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്യാൻ സിറ്റി പൊലീസ് നീക്കം ആരംഭിച്ചത്.
വ്യാജ ഡോക്ടർ ആണെന്നറിയാതെ നിരവധി പേരാണ് ഇയാളുടെ അടുത്ത് ചികിത്സയ്ക്കായി എത്തിയത്. ചികിത്സയ്ക്കും ശാസ്ത്രകിയക്കും വിധേയമായവർ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ആണ് നേരിടുന്നത്. പ്രശ്ങ്ങൾ കണ്ടുതുടങ്ങിയതോടെ ചിലർ ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകി. പരാതി നൽകിയവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു. ഇതോടെയാണ് എളമക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ചാനലുകളിലും പത്രങ്ങളിലും വമ്പന്‍ പരസ്യങ്ങള്‍ നല്‍കിയാണ് കേരളത്തിലെമ്പാടുനിന്നും രോഗികളെ ആകര്‍ഷിച്ചിരുന്നത്. പൈല്‍സ് രോഗികളെ കബളിപ്പിച്ച ഷാജഹാന്‍ നല്‍കിയ രജിസ്‌ട്രേഷന്‍ നമ്പറില്‍ മറ്റൊരു വനിതാ ഡോക്ടറുണ്ടെന്ന് മെഡിക്കല്‍ കൗണ്‍സില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇയാളുടെ മെഡിക്കല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരുന്നു. ഷാജഹാന്റെ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളില്‍ പൊരുത്തക്കേടുകളുണ്ടെന്ന് ഐ.എം.എ നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.
ജനകീയ സമരത്തെ തുടര്‍ന്ന് 2017 ഒക്ടോബര്‍ 21ന് ആശുപത്രി അടച്ചുപൂട്ടുകയായിരുന്നു. തൃശൂര്‍ സ്വദേശിനിയാണ് ചികിത്സപിഴവ് ചൂണ്ടിക്കാട്ടി ഷാജഹാനെതിരെ പരാതിയുമായി ആദ്യം രംഗത്ത് എത്തിയത്. പിന്നാലെ നിരവധി ആളുകൾ ഇയാൾക്കെതിരെ രംഗത്ത് വരികയായിരുന്നു.
Post Your Comments