തിരുവനന്തപുരം : സംസ്ഥാനത്ത് നിപ്പ ചികിത്സയ്ക്കുള്ള മരുന്ന് സ്റ്റോക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നിപ്പ ബാധിച്ച് കോഴിക്കോട് ചാത്തംഗലത്ത് 12 കാരന്‍ മരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഇതിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നിപ്പയ്ക്ക് സംസ്ഥാനത്ത് മരുന്ന് സ്റ്റോക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്. 2018 ല്‍ നിപ്പ പടര്‍ന്ന സാഹചര്യത്തില്‍ വാങ്ങിയ മരുന്ന് 2020ല്‍ എക്‌സ്പയറായി. ഇനി മരുന്ന് ആസ്‌ട്രേലിയയില്‍ നിന്ന് എത്തിക്കണമെന്നും വീണാ ജോര്‍ജ് പറഞ്ഞു. 2020 ല്‍ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നടത്തിയ മോക്ക് ഡ്രില്ലിലും മരുന്നിന്റെ സ്റ്റോക്ക് തീര്‍ന്ന കാര്യം കണ്ടെത്തിയിരുന്നില്ല.
അതേസമയം നിപ്പ ബാധിച്ചു മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 251 പേര്‍ ഉണ്ടെന്ന് മന്ത്രി പറഞ്ഞു. രോഗലക്ഷണമുള്ള 11 പേരില്‍ എട്ടുപേരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മറ്റ് ജില്ലകളില്‍ കൂടി നിപ്പ വൈറസ് പ്രതിരോധം ശക്തമാക്കാന്‍ സ്റ്റേറ്റ് നിപ്പ കണ്‍ട്രോള്‍ സെല്‍ ആരംഭിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തുന്നതാണ്. മറ്റ് ജില്ലകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളും പരിശീലനങ്ങളും നല്‍കാനും തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി.
Post Your Comments