കണ്ണൂര്‍: ആഫ്രിക്കയില്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലില്‍ മലയാളി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിവരം. കണ്ണൂര്‍ മരക്കാര്‍കണ്ടി സ്വദേശിയായ ദീപക് ഉദയരാജാണ് കടല്‍കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലുള്ളത്. ഇദ്ദേഹത്തെ കൂടാതെ മറ്റൊരു മലയാളി കൂടി കപ്പലിലുണ്ട്. ഇന്ത്യയില്‍ നിന്നും ചരക്കുമായി പോയ എം വി ടാമ്പന്‍ എന്ന കപ്പലിന് നേരെയാണ് പശ്ചിമ ആഫ്രിക്കന്‍ കടലില്‍ വെച്ച് അക്രമം നടന്നത്. 17 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. കണ്ണൂര്‍ സ്വദേശിയായ ദീപക് ഉദയരാജും മറ്റൊരു മലയാളിയും കപ്പലിലുള്ളതായാണ് വിവരം. സംഘത്തിലെ ഒരാളെ കുറിച്ച് വിവരമില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇയാളെ കടല്‍കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയതായാണ് സംശയിക്കുന്നത്.
പശ്ചിമ ആഫ്രിക്കയിലെ ഗാബോണ്‍ കടലില്‍ ഓവണ്ടോ ആങ്കറെജില്‍ തകരാറിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട കപ്പലില്‍ തിങ്കളാഴ്ച്ച അര്‍ദ്ധരാത്രിയാണ് കൊള്ളക്കാര്‍ കടന്നുകയറിയത്. കപ്പലിലെ ജീവനക്കാരെ തട്ടിക്കൊണ്ടു പോകാനായിരുന്നു ഇവരുടെ പദ്ധതി. ഇതിനായി ജീവനക്കാരെ വെടി മുഴക്കി ശബ്ദമുണ്ടാക്കി ഡെക്കിലേക്ക് വിളിച്ചു കൊണ്ടുവരികയായിരുന്നു. എന്നാല്‍ കടല്‍കൊള്ളക്കാരെ എതിര്‍ത്ത കപ്പലിലെ ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ നൗരിയല്‍ വികാസ്, കുക്ക് ഘോഷ് സുനില്‍ എന്നിവര്‍ക്ക് മുന്ന് തവണയായി വെടിയേറ്റു. ഇരുവരെയും ഗാബോനിലെ ആശുപത്രിയിലേക്ക് മാറ്റി.
മോചനദ്രവ്യം ആവശ്യപ്പെടുന്നതിനായി സെക്കന്റ് എഞ്ചിനീയര്‍ കുമാര്‍ പങ്കജിനെയാണ് തട്ടിക്കൊണ്ട് പോയത്. ഇദ്ദേഹത്തെ കുറിച്ച് നിലവില്‍ വിവരമൊന്നും ലഭിച്ചിട്ടില്ല.
ദീപക് ഉദയരാജെന്ന തന്റെ മകനും റാഞ്ചിയ കപ്പലിലുണ്ടെന്ന് ചൊവ്വാഴ്ച്ച രാവിലെയാണ് തനിക്ക് വിവരം ലഭിച്ചതെന്ന് പിതാവ് ഉദയ് രാജ് പറഞ്ഞു. ചൊവ്വാഴ്ച്ച രാവിലെ ദീപക് താനുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നു പിതാവ് ഉദയരാജ് പറഞ്ഞു. ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ട് ബേജാറാവേണ്ടന്നാണ് അവന്‍ പറഞ്ഞതെന്നും ഫോണില്‍ റീചാര്‍ജ് ചെയ്തു കൊടുക്കാന്‍ ആവശ്യപ്പെട്ടതായി പിതാവ് പറഞ്ഞു. കെ.സുധാകരന്‍ എംപിയുമായി ബന്ധപ്പെട്ടു വിവരം ഇന്ത്യന്‍ എംബസിയെ അറിയിച്ചിട്ടുണ്ട്. മകനെ മോചിപ്പിക്കുന്നതിനായുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.
Post Your Comments