Latest NewsKeralaNews

കുവൈറ്റില്‍ മരിച്ച 23 മലയാളികള്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിച്ച് നാട്,വിമാനത്താവളത്തില്‍ ഹൃദയഭേദകമായ കാഴ്ചകള്‍

കൊച്ചി:കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികള്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് 23 മൃതദേഹങ്ങളും പൊതുദര്‍ശനത്തിനുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും റീത്ത് സമര്‍പ്പിച്ച് അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അന്തിമോപചാരമര്‍പ്പിച്ചു.

Read Also: 50 പേരുടെ മരണത്തിനിടയാക്കിയ കുവൈറ്റ് ദുരന്തത്തിന് പിന്നിലെ കാരണം എന്തെന്ന് വെളിപ്പെടുത്തി അഗ്നിശമന സേന

പൊലീസിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അന്തിമോപചാരം. കണ്ണീരടക്കാനാകാതെ വിതുമ്പിയ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനാകാതെ ഒപ്പമുണ്ടായിരുന്നവരും കുഴങ്ങി. വൈകാരിക രംഗങ്ങള്‍ക്കാണ് നെടുമ്പാശ്ശേരി വിമാനത്താവളം സാക്ഷ്യം വഹിച്ചത്. പൊതുദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് 12.30ഓടെ ആംബുലന്‍സുകളില്‍ അതാത് സ്ഥലങ്ങളിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോയി തുടങ്ങി. ഓരോ ആംബുലന്‍സുകളെയും ഒരു അകമ്പടി വാഹനവും അനുഗമിക്കുന്നുണ്ട്.തമിഴ്‌നാട്ടുകാരായ 7പേരുടെയും മൃതദേഹം ആംബുലന്‍സുകളില്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകും.

രാവിലെ 10.30ഓടെ ആണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തത്. ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിന്ന് മൃതദേഹങ്ങള്‍ അടങ്ങിയ പെട്ടികള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് മാറ്റി കസ്റ്റംസ് ക്ലിയറന്‍സിനു ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തേക്ക് മൃതദേഹം മാറ്റുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങി. 23 മലയാളികളുടെയും ഏഴു തമിഴ്‌നാട്ടുകാരുടെയും ഒരു കര്‍ണാടക സ്വദേശിയുടെയും മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചത്.

അതേസമയം, അപകടത്തില്‍ പരിക്കേറ്റവരില്‍ ഏഴുപേര്‍ ഗുരുതരാവസ്ഥയിലാണെന്ന് നോര്‍ക്ക സിഇഒ അജിത്ത് കൊളശ്ശേരി പറഞ്ഞു. മരിച്ച രണ്ട് പേരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഡിഎന്‍എ പരിശോധന നടത്തിയശേഷമായിരിക്കും ഇവര്‍ ആരാണെന്ന് സ്ഥിരീകരിക്കുക. പരിക്കേറ്റവരുടെ തുടര്‍ ചികിത്സയ്ക്ക് നോര്‍ക്ക ആവശ്യമായ സഹായങ്ങള്‍ നല്‍കും. കുവൈറ്റ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സഹകരണം ഉണ്ടായിരുന്നതിനാല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സാധിച്ചു. നിലവില്‍ 57 പേരാണ് ആശുപത്രികളില്‍ തുടരുന്നത്, ഇതില്‍ 12 പേര്‍ ഡിസ്ചാര്‍ജായിട്ടുണ്ട്. ഇതില്‍ 5 പേര്‍ മലയാളികളാണ്. ഏകദേശം 25 ല്‍ അധികം മലയാളികള്‍ ആശുപത്രിയിലാണ്. ഇതില്‍ മലയാളികള്‍ അടക്കമുള്ള 7 പേരുടെ ആരോഗ്യനിലയാണ് അപകടകരമായി തുടരുന്നത്. ഇവര്‍ക്കായുള്ള അടിയന്തര സഹായങ്ങള്‍ നോര്‍ക്ക ഉറപ്പ് വരുത്തുമെന്നും സിഇഒ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button