കൊച്ചി: പുതിയ സാമ്പത്തിക സ്രോതസ് ലക്ഷ്യമിട്ട് ലക്ഷദ്വീപ് കടല്‍ പായല്‍ കൃഷിക്കൊരുങ്ങുന്നു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) ദ്വീപില്‍ നടത്തിയ പരീക്ഷണാടിസ്ഥാനത്തിലുള്ള കടല്‍പായല്‍ കൃഷി വന്‍ വിജയമായതിനെ തുടര്‍ന്നാണിത്. സിഎംഎഫ്ആര്‍ഐയുടെ സാങ്കേതിക സഹായത്തോടെ വിവിധ ദ്വീപുകളിലായി 2500 ഓളം മുളകൊണ്ട് നിര്‍മിച്ച ചങ്ങാടങ്ങള്‍ ഉപയോഗിച്ച് പായല്‍കൃഷി ആരംഭിച്ചു.
Also Read: കാട്ടാനയുടെ ആക്രമണം: വീട്ടുമുറ്റത്ത് കാര്‍ കുത്തിക്കീറി, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറൽ
ലക്ഷദ്വീപിലെ തദ്ദേശീയ ഇനമായ എഡുലിസ് എന്ന കടല്‍പായലാണ് കൃഷി ചെയ്യുന്നത്. ജനവാസമുള്ള ഒമ്പത് ദ്വീപുകളില്‍ വ്യാപകമായ തോതില്‍ കടല്‍പായല്‍ കൃഷി പരിചയപ്പെടുത്തുകയാണ് ലക്ഷദ്വീപ് ഭരണകൂടം. സ്ത്രീകളുടെ നേതൃത്വത്തിലുള്ള 10 സ്വയംസഹായക സംഘങ്ങളുള്‍പ്പെടെ ദ്വീപിലെ 100 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ കടല്‍പായല്‍ കൃഷിയുടെ ഗുണഫലം ലഭിക്കുക. ലക്ഷദ്വീപിലെ കടല്‍തീരങ്ങള്‍ പായല്‍കൃഷിക്ക് ഏറ്റവും അനയോജ്യവും മരുന്ന്-ഭക്ഷ്യ വ്യവസായങ്ങള്‍ക്ക് ഗുണകരമാകുന്ന മികച്ച കടല്‍പായലുകള്‍ ഇവിടെ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നും സിഎംഎഫ്ആര്‍ഐ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു.
ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് പ്രതിവര്‍ഷം 75 കോടി രൂപയുടെ കടല്‍പായല്‍ ഉല്‍പാദിപ്പിക്കാമെന്ന് ഈ പഠനത്തിലൂടെ ബോധ്യപ്പെട്ടെന്ന് സിഎംഎഫ്ആര്‍ഐയിലെ സയന്റിസ്റ്റ് ഡോ.മുഹമ്മദ് കോയ പറഞ്ഞു. തദ്ദേശീയ പായല്‍വര്‍ഗങ്ങളുടെ കൃഷിക്ക് ദ്വീപ് തീരങ്ങളില്‍ 45 ദിവസത്തിനുള്ളില്‍ 60 മടങ്ങ് വരെ വളര്‍ച്ചാനിരക്ക് ലഭിക്കുമെന്നും പഠനം വെളിപ്പെടുത്തി. ഈ പഠനത്തിന്റെ വെളിച്ചത്തിലാണ് ലക്ഷദ്വീപ് ഭരണകൂടം സിഎംഎഫ്ആര്‍ഐയുമായി ചേര്‍ന്ന് കില്‍ത്താന്‍, ചെത്ത്‌ല, കടമത്ത്, അഗത്തി, കവരത്തി എന്നീ ദ്വീപുകളില്‍ കഴിഞ്ഞ വര്‍ഷം കടല്‍പായല്‍ കൃഷി പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയത്. ഇത് വന്‍ വിജയമായിരുന്നു.
Post Your Comments