ലക്‌നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സർക്കാരിനുമെതിരായ വിദ്വേഷകരമായ പരാമർശത്തിൽ യുപി മുന്‍ ഗവർണർ അസീസ് ഖുറേഷിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ്. യോഗി ആദിത്യനാഥ് സർക്കാർ സാത്താനാണെന്നും, അവരുടെ പ്രവർത്തനങ്ങൾ രക്തം കുടിക്കുന്ന ഭൂതത്തെ പോലെയാണെന്നുമായിരുന്നു അസീസ് ഖുറേഷിയുടെ പ്രസ്താവന.
ഇതിന് പുറമെ ജനങ്ങളെ അസീസ് ഖുറേഷി ആക്രമണത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. റാംപൂരിലെ യുവാക്കൾ യോഗി ആദിത്യനാഥിനെതിരെ ഒരുമിക്കണമെന്നും, വഴിയിൽ തടയണമെന്നുമാണ് ഇദ്ദേഹം ആഹ്വാനം ചെയ്തത്. ഇതിനെതിരെ ബിജെപി നേതാവ് ആകാശ് സക്‌സേന നൽകിയ പരാതിയിലാണ് പൊലീസ് നടപടി. മതവിഭാഗങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കാൻ ശ്രമിക്കുക, രാജ്യത്തിന്റെ അഖണ്ഡതക്കെതിരായ പ്രവർത്തനം, ജനങ്ങൾക്കിടയിൽ ഭീതി സൃഷ്ടിക്കാനുള്ള ശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സമാജ്‌വാദി പാർട്ടി എംഎൽഎ അസംഖാന്റെ വസതിയിലെത്തി സന്ദർശനം നടത്തിയ ശേഷമായിരുന്നു വിവാദ പരാമർശം. അസീസ് ഖുറേഷിയുടെ പരാമർശം ജനങ്ങൾക്കിടയിൽ സംഘര്‍ഷമുണ്ടാക്കാനും വര്‍ഗീയ കലാപത്തിലേക്ക് നയിക്കപ്പെടുമെന്നും ആകാശ് സക്‌സേന പറഞ്ഞു.
Post Your Comments