
മൂന്നാര്‍: മൂന്നാര്‍ കേന്ദ്രീകരിച്ച് ഹോട്ടല്‍മുറികളില്‍ പെണ്‍കുട്ടികളെ എത്തിച്ച് നല്‍കുമെന്ന് അറിയിച്ചുകൊണ്ട് വെബ്‌സൈറ്റില്‍ പരസ്യം നല്‍കി തട്ടിപ്പ്. തട്ടിപ്പില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേരുടെ പണം നഷ്ടപ്പെട്ടു. അതേസമയം പരാതിക്കാരില്ലാത്തതിനാൽ അധികൃതർ അന്വേഷണം നടത്തുന്നില്ല.
വിവിധ പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പരും വിവരങ്ങളും നല്‍കി ലോക്കാന്റോ’ എന്ന സൈറ്റ് വഴിയാണ് തട്ടിപ്പ്. സൈറ്റിൽ നൽകിയിട്ടുള്ള നമ്പരുകളില്‍ വിളിച്ചാല്‍ കോളെടുക്കുന്നവർ യുവതികളേക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ച ശേഷം ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിങ്ങനെ ഓൺലൈനായി പണം നല്‍കാന്‍ ആവശ്യപ്പെടും.
മണിക്കൂറിന് മൂവായിരം മുതൽ ഒരു രാത്രിക്ക് 8000 മുതല്‍ 10,000 എന്നിങ്ങനെയാണ് ഈടാക്കുന്നത്. പണം കിട്ടിയാല്‍ യുവാക്കള്‍ പറയുന്ന തീയതിയില്‍ പെണ്‍കുട്ടികളെ എത്തിച്ച് നല്‍കുമെന്ന് അറിയിക്കുകയും മുറിയെടുക്കേണ്ട ഹോട്ടലുകളുടെ വിവരങ്ങൾ നൽകുകയും ചെയ്യും. ഇത്തരത്തിൽ മുറിയെടുത്ത് മണിക്കൂറുകള്‍ കാത്തിരുന്നവർക്ക് പണം നഷ്ടപ്പെട്ടത് മാത്രം മിച്ചം.
പണം നഷ്ടപ്പെട്ടവർ മുന്‍പ് ബന്ധപ്പെട്ട നമ്പരില്‍ വിളിക്കാന്‍ ശ്രമിച്ചാല്‍ ഫോണ്‍ സ്വിച്ചോഫ് ആണെന്ന മറുപടിയായിരിക്കും ലഭിക്കുക. ഇത്തരത്തിൽ ഹോട്ടലുകളിൽ മണിക്കൂറുകളോളം കാത്തുകിടക്കുന്ന യുവാക്കള്‍ തട്ടിപ്പ് മനസ്സിലാകുന്നതോടെ മടങ്ങും.
അവധി ദിവസങ്ങളിലും രാത്രി സമയങ്ങളില്‍ ഹോട്ടലുകളുടെ മുന്‍പില്‍ യുവാക്കള്‍ വാഹനങ്ങളിലെത്തി കാത്തുകിടക്കുന്നത് പതിവായതിനെ തുടർന്ന് ഹോട്ടലധികൃതര്‍ കാര്യമന്വേഷിച്ചപ്പോഴാണ് വെബ്‌സൈറ്റ് വഴിയുള്ള തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ പുറത്തു വരുന്നത്. അതേസമയം, മാനഹാനി ഭയന്ന് പരാതി നല്‍കാന്‍ യുവാക്കൾ തയ്യാറാകാത്തതിനാല്‍ തട്ടിപ്പ് തുടര്‍ന്നുവരുകയാണ്.
Post Your Comments