കാബൂൾ: താലിബാനുമായി നയതന്ത്ര ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി പാകിസ്ഥാന്‍. ഐ.എസ്.ഐ. മേധാവി കാബൂളില്‍ സന്ദര്‍ശനം നടത്തി. പഞ്ച്ശീരില്‍ പ്രതിരോധ സേന താലിബാനെതിരെ ചെറുത്തുനില്‍പ്പ് തുടരുന്നു. അതിനിടെ കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. മസാരെ ഷെരീഫിലേക്കും കാണ്ഡഹാറിലേക്കും ഓരോ സര്‍വീസുകള്‍ നടത്തിയെന്നും താലിബാനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാന്‍ ജനതയ്ക്ക് സഹായം നല്‍കുന്നത് ചര്‍ച്ചചെയ്യാന്‍ ഐക്യരാഷ്ട്രസഭയുടെ യോഗം ഈ മാസം 13 ന് ചേരും. അതേസമയം സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കെയാണ് പാക് ചാരസംഘനടയായ ഐ.എസ്.ഐയുടെ മേധാവി ജനറല്‍ ഫായിസ് ഹമീദ് കാബൂളിലെത്തിയത്. ഉന്നതതല ഉദ്യോഗസ്ഥ സംഘവും ഒപ്പമുണ്ടായിരുന്നു. താലിബാന്‍ നിയന്ത്രണമേറ്റെടുത്ത ശേഷം ആദ്യമായാണ് ഒരു രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥന്‍ അഫ്ഗാനിസ്ഥാനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്.
താലിബാന്‍ രാഷ്ട്രീയകാര്യ ഉപമേധാവി ഷേര്‍ മൊഹമ്മദ് അബ്ബാസ് സ്താനിക്സായി ദോഹയിലെ പാകിസ്താന്‍ അംബാസിഡറുമായും ചര്‍ച്ചനടത്തി. ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്ന പഞ്ച്ശീര്‍ പിടിച്ചെടുത്തെന്ന് താലിബാന്‍ അവകാശപ്പെട്ടെങ്കിലും പ്രതിരോധസേന നിഷേധിച്ചു. ഒട്ടേറെപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. പഞ്ച്ശീര്‍ കീഴടക്കിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇന്നലെ കാബൂളില്‍ താലിബാന്‍ ഭീകരര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് നടത്തിയ ആഹ്ലാദപ്രകടനത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments