തിരുവനന്തപുരം: വിതുര ഡിപ്പോയില്‍ കുഴല്‍ക്കിണറിലേക്ക് പമ്പുസെറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് കണ്ടെത്തി കെഎസ്ആര്‍ടിസി വിജിലന്‍സ് നടപടി എടുത്ത ജീവനക്കാരനെ ചീഫ് ഓഫീസില്‍ നിയമിക്കാന്‍ നീക്കം. പുതിയ കണ്‍ട്രോള്‍ റൂം ചുമതലക്കാരെ കണ്ടെത്താന്‍ ചീഫ് ഓഫീസില്‍ നിന്നും തയ്യാറാക്കിയ ജീവനക്കാരുടെ പട്ടികയില്‍ ഇയാളുടെ പേരുമുണ്ട്. ചീഫ് ഓഫീസില്‍ പുതുതായി ഒരു കണ്‍ട്രോള്‍ റൂം ആരംഭിക്കുകയാണ്. ഇവിടെ നിയമിക്കാനായി യോഗ്യതയുള്ള ജീവനക്കാരുടെ അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. ഈ അപേക്ഷകളില്‍ നിന്നും 24 ജീവനക്കാരുടെ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഷോർട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം 6ന് ഹാജരാകണം. 2021 ഓഗസ്റ്റ് 30 നാണ് നോട്ടീസ് നല്‍കിയത്.
ചീഫ് ഓഫീസ് തയ്യാറാക്കിയ ഷോര്‍ട്ട് ലിസ്റ്റിലെ രണ്ടാം പേരുകാരനായ ഇയാള്‍ വിഴിഞ്ഞം ഡിപ്പോയിലെ ജീവനക്കാരനാണ്. 2017ല്‍ വിതുര യൂണിറ്റിലെ ഇന്‍സ്പെക്ടര്‍ ഇന്‍ചാര്‍ജായിരുന്നു ഇ.ആര്‍. സജീവ് കുമാര്‍ എന്ന ഇയാള്‍ യൂണിറ്റിലെ ജീവനക്കാരില്‍ നിന്നും പണം സ്വരൂപിച്ച് കുഴല്‍ കിണറില്‍ പമ്പുസെറ്റ് സ്ഥാപിക്കുകയും തുടര്‍ന്ന് ചീഫ് ഓഫീസില്‍ നിന്നും പണം മാറി കൈവശപ്പെടുത്തി എന്നുമാണ് വിതുര യൂണിറ്റിലെ ഡ്രൈവര്‍ എ. ശാജഹാന്‍ അന്ന് പരാതി നല്‍കിയത്. സജീവ്കുമാര്‍ യൂണിറ്റിലെ ജീവനക്കാരില്‍ നിന്നും 100 രൂപ വീതം പിരിവെടുത്ത് 18,500 പൂര സ്വരൂപിക്കുകയും ടൂവീലര്‍ ഷെഡ്ഡ് നിര്‍മ്മാണത്തിനായി പിരിച്ച 2500 രൂപയും ചേര്‍ത്ത് 21,000 രൂപ അന്നത്തെ ഇന്‍സ്പെക്ടറിന്റെ കൈവശം നല്‍കുകയും ഇതില്‍ നിന്നും 15,000 രൂപ കൊടുത്ത് കോയമ്പത്തൂരില്‍ നിന്നും പമ്പുസെറ്റ് വാങ്ങിവെയ്ക്കുകയും ചെയ്തു. ഇതിനു ശേഷമാണ് മോട്ടോര്‍ വാങ്ങുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിക്കുന്നത്. ക്വട്ടേഷനിലെ കുറഞ്ഞ തുകയായ 24,974 രൂപ കെഎസ്ആര്‍ടിസിയില്‍ നിന്നു മാറ്റി എടുക്കുകയും ചെയ്തു. ഇതിനു പിന്നാലെ നടന്ന തിരിമറികളെല്ലാം വിജിലന്‍സ് കണ്ടെത്തുകയും ചെയ്തു. ജീവനക്കാരില്‍ നിന്നും പിരിച്ച് പമ്പുസെറ്റ് വാങ്ങുകയും ആ ബില്ലുകൊടുത്ത് കെഎസ്ആര്‍ടിസിയില്‍ നിന്നും പണം വാങ്ങുകയും, കൂടാതെ മോട്ടോര്‍ സ്ഥാപിക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ച വകയില്‍ ഫണ്ട് വാങ്ങുകയും ചെയ്തത് പെരുമാറ്റ ദൂഷ്യവും, അച്ചടക്ക ലംഘനവും, ചട്ടലംഘനവുമാണെന്നായിരുന്നു കണ്ടെത്തല്‍.
Post Your Comments