ന്യൂഡൽഹി: കാബൂളിൽ നിന്നും പൂർണമായും ഒഴിഞ്ഞു പോയ അമേരിക്കൻ സൈന്യം മനുഷ്യത്വമില്ലാത്ത പെരുമാറ്റമാണ് കാണിച്ചതെന്ന് വിമർശനം. അമേരിക്കൻ സൈന്യം താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിൽ നിന്ന് മടങ്ങിയപ്പോൾ ഡസൻ കണക്കിന് സർവീസ് ഡോഗുകളെയാണ് കാബൂളിൽ ഉപേക്ഷിച്ച് പോന്നത്. ഇത് വൻ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരിക്കുകയാണ്. ഇവിടെയാണ് ഇന്ത്യ വ്യത്യസ്തമാകുന്നത്.
റൂബി, മായ, ബോബി മൂവർ സംഘം ഇപ്പോൾ നാട്ടിലാണ്. ഇന്ത്യ അഫ്‌ഗാനിൽ നിന്നും ഒഴിപ്പിച്ച സംഘത്തിലെ വിഐപികളായിരുന്നു ഇവർ. ഇന്തോടിബറ്റൻ ബോർഡർ പോലീസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ഈ മൂന്ന് ഹീറോ സ്നിഫർ നായ്ക്കളെയും കൂടെ കൂട്ടിയായിരുന്നു ഇന്ത്യയുടെ രക്ഷാപ്രവർത്തനം. മൂന്ന് വർഷത്തെ നീണ്ട അഫ്ഗാൻ സേവനത്തിന് ശേഷമാണ് ഇവർ ഇന്ത്യയിൽ തിരിച്ചെത്തിയത്. നിലവിൽ ചത്തീസ്ഗഡിലെ കെന്നൽ സ്‌ക്വാഡിലേക്കുള്ള യാത്രയിലാണിവർ.
Also Read:പ്രധാനമന്ത്രി ആവാസ് യോജന : നിർധനരായ അഞ്ചരലക്ഷം കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകി യോഗി സർക്കാർ
കഴിഞ്ഞ ഓഗസ്റ്റ് പതിനെട്ടിനാണ് അഫ്ഗാനിൽ നിന്നുമുള്ള പ്രത്യേക വ്യോമസേന വിമാനത്തിൽ റൂബി, മായ, ബോബി എന്നീ നായകൾ ഡൽഹിയിലെ ഐടിബിപി ചവാല ക്യാമ്പിൽ എത്തിയത്. കാബൂളിലെ ഇന്ത്യൻ എംബസികളിൽ ആയിരുന്നു ഇവരുടെ സേവനം. അഫ്‌ഗാനിൽ താലിബാൻ ശക്തി പ്രാപിച്ചതോടെ ഇന്ത്യ തങ്ങളുടെ ജനതയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. 800 ലധികം ആളുകളെയാണ് ഇന്ത്യ നാട്ടിലെത്തിച്ചത്. ഇക്കൂട്ടത്തിൽ പ്രത്യേക പരിഗണ നൽകിയായിരുന്നു ഈ മൂവർ സംഘത്തെയും രക്ഷപെടുത്തിയത്.
കാബൂളിൽ അമേരിക്കൻ സൈന്യത്തിന് തുണയായി, കാവലായി കൂടെ നിന്ന നായ്ക്കളെ ഉപേക്ഷിച്ച സേനയുടെ നടപടി ചോദ്യം ചെയ്യപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ മനുഷ്യത്വപരമായ തീരുമാനത്തെ അന്താരാഷ്‌ട്ര മാധ്യമങ്ങൾ കൈയ്യടിക്കുന്നത്.
ധീരരായ നായ്ക്കൾ നമ്മുടെ സൈനികർ ചെയ്യുന്ന ജോലി തന്നെയാണ് ചെയ്യുന്നതെന്നും അവരുടെ ജീവൻ രക്ഷപെടുത്തേണ്ടത് അമേരിക്കൻ സേനയുടെ കടമയായിരുന്നുവെന്നും വിമർശിക്കുന്നവരുണ്ട്.
Post Your Comments