കൊല്ലം: കൊല്ലത്തെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ ഉപയോഗിച്ചു പാർട്ടി നടത്തിയ 4 പേർക്കെതിരെ എക്സൈസ് കേസെടുത്തു. ഫ്ലാറ്റിലുണ്ടായിരുന്ന തഴുത്തല വില്ലേജിൽ പേരയം ദേശത്ത് മണിവീണ വീട്ടിൽ സലീം മകൾ ഉമയനലൂർ ലീന, കൊല്ലം ആഷിയാന അപ്പാർട്മെന്റ് പുഷ്പരാജൻ മകൻ ശ്രീജിത്ത് എന്നിവരെയും, എക്സൈസ് കസ്റ്റഡിയിലെടുത്തു. ലീന നഗരത്തിലെ പ്രധാന ലഹരി വസ്തു ഏജൻറാണ്. ഇവരെ കൂടാതെ ഫ്ലാറ്റിൽ നിന്ന് ചാടി രക്ഷപെട്ട കൊല്ലം ആശ്രാമം സൂര്യമുക്ക് സ്വദേശി തന്നെയായ ഡിക്യുസി എന്നു വിളിക്കുന്ന ദീപുവിനെതിരെയും കേസെടുത്തു.
ഇയാൾ കൊലപാതക കേസിലും, ഒട്ടേറെ ലഹരി മരുന്നു കടത്ത് കേസുകളിലും പ്രതിയാണെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഒന്നാം തീയതി വൈകിട്ട് ഫ്ലാറ്റിൽ നിന്നു പാട്ടും, ശബ്ദകോലാഹലങ്ങളും അസഹ്യമായതോടെ സമീപവാസികൾ എക്സൈസിൽ പരാതിപ്പെടുകയായിരുന്നു. പരാതിയെത്തുടർന്ന് എക്സൈസ് സംഘം ഫ്ലാറ്റിന്റെ മൂന്നാം നിലയിലെ മുറിയിലെത്തിയപ്പോൾ ലഹരി വസ്തുക്കളുടെ അമിത ഉപയോഗത്താൽ പരിസരബോധം നഷ്ടപ്പെട്ട യുവതീ യുവാക്കളെയാണ് കണ്ടത്. ഉന്മാദാവസ്ഥയിലായിരുന്ന യുവാക്കളിൽ ചിലർ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കാനും ശ്രമിച്ചു.
ഉദ്യോഗസ്ഥരുടെ പ്രത്യാക്രമണത്തിൽ പതറിയ സംഘം മയക്കുമരുന്ന്, ശുചിമുറിയിൽ നിക്ഷേപിച്ച് രക്ഷപെടാന്‍ ശ്രമിച്ചു. അതും വിഫലമായതോടെ ലഹരി വസ്തുക്കളുമായി രണ്ടു യുവാക്കൾ ഫ്ലാറ്റിന്റെ തുറന്നു കിടന്ന പിൻവാതിൽ വഴി 3 നില കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്നു താഴേക്കു ചാടി. ഒരാളെ ഗുരുതര പരിക്കുകളോടെ എക്സൈസ് പിടികൂടി. മറ്റൊരാൾ രക്ഷപെട്ടു. പരുക്കേറ്റയാളുടെ ദേഹപരിശോധനയിൽ മാരക ലഹരി വസ്തുവായ എംഡിഎംഎ കണ്ടെടുത്തു. കൊല്ലം പുത്തൻ കണ്ടത്തിൽ വീട്ടിൽ ദീപുവിനാണു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പരുക്കേറ്റത്.
ഫ്ലാറ്റിൽ നടത്തിയ തിരച്ചിലിലും, യുവാക്കൾ ഉപയോഗിച്ച സ്കൂട്ടറിൽനിന്നും കഞ്ചാവും മറ്റും കണ്ടെത്തി. ഫ്ലാറ്റിലെ മറ്റു ചില താമസക്കാർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. എംഡിഎംഎ ഉൾപ്പെട്ട കേസുകൾക്ക് എൻഡിപിഎസ് വകുപ്പു പ്രകാരം പരമാവധി 20 വർഷം വരെ തടവും 2 ലക്ഷം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ‘ഓപ്പറേഷൻ മോളി’യുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ആണ് ലഹരി കണ്ടെടുത്തത്.
Post Your Comments