ടെല്‍ അവീവ്: തടവറക്കുള്ളില്‍ വെച്ച് പ്രസവിക്കേണ്ടി വന്നാല്‍ താനും കുഞ്ഞും നേരിടാന്‍ പോകുന്ന ദുരിതങ്ങളെ കുറിച്ചുള്ള ഭയവും ആശങ്കയുമായി ഇസ്രായേൽ ജയിലില്‍ കഴിയുന്ന അന്‍ഹാര്‍ അല്‍-ദീക് എന്ന ഗര്‍ഭിണിയായ പലസ്‌തീൻ യുവതിയുടെ കത്ത് ചര്‍ച്ചയാകുന്നു. ജയിലില്‍ നിന്നുമിറങ്ങിയ സഹതടവുകാരിയായ മറ്റൊരു പലസ്‌തീൻ യുവതിയുടെ കയ്യില്‍ 25കാരിയായ അന്‍ഹാര്‍ രഹസ്യമായി കത്ത് നല്‍കുകയായിരുന്നു.
സേനാംഗങ്ങളെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തി മാര്‍ച്ച് എട്ടിനാണ് കുഫ്‌റ് നിമ എന്ന ഗ്രാമത്തില്‍ നിന്നും അന്‍ഹാറിനെ ഇസ്രായേൽ സേന അറസ്റ്റ് ചെയ്തത്. അന്‍ഹാറിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കുടുംബം പലതവണ അധികൃതരെ സമീപിച്ചു. എന്നാൽ പ്രസവസമയമടുത്തിട്ടും ഇതുവരെയും യുവതിയുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ കോടതി തയ്യാറായിട്ടില്ല.
ജയിലഴികള്‍ക്കുള്ളില്‍ കൈകള്‍ വിലങ്ങുവെച്ച അവസ്ഥയില്‍ പ്രസവിക്കേണ്ടി വന്നാല്‍ താന്‍ എന്താണ് ചെയ്യേണ്ടതെന്നും താന്‍ ഒറ്റയ്ക്ക് ഇതെല്ലാം എങ്ങനെ നേരിടുമെന്നും അന്‍ഹാർ കത്തില്‍ ചോദിക്കുന്നു.ജൂലിയ എന്ന ഒന്നര വയസുകാരിയായ മറ്റൊരു മകളും അന്‍ഹാറിനുണ്ട്.
ആദ്യ പ്രസവത്തിന് ശേഷം വിഷാദരോഗം ബാധിച്ച അന്‍ഹാര്‍ വീട്ടില്‍ നിന്നും അല്‍പം ദൂരെയുള്ള കൃഷിസ്ഥലത്തേക്ക് നടക്കുമ്പോഴാണ് ഇസ്രായേൽ സേന പിടികൂടിയതെന്ന് അന്‍ഹാറിന്റെ മാതാവ് ആയിഷ പറയുന്നു. അറസ്റ്റ് ചെയ്ത സമയത്ത് യുവതിയെ ഇസ്രായേൽ സേന മര്‍ദ്ദിച്ചുവെന്നും ഗര്‍ഭിണിയാണെന്ന് വിളിച്ചു പറഞ്ഞിട്ടും അവര്‍ അടിക്കുന്നത് നിര്‍ത്തിയില്ലെന്നും ആയിഷ പറഞ്ഞു.
അറസ്റ്റ് ചെയ്ത് ഒരു മാസത്തോളം ഏകാന്ത തടവിലിട്ടിരുന്ന അന്‍ഹാറിനെ പിന്നീടാണ് വനിതകളുടെ ജയിലിലേക്ക് മാറ്റിയതെന്നും നിലവില്‍ കടുത്ത ശാരീരിക വേദനകളിലൂടെയും മാനസിക സമ്മര്‍ദത്തിലൂടെയുമാണ് മകള്‍ കടന്നുപോകുന്നതെന്നും ആയിഷ കൂട്ടിച്ചേര്‍ത്തു. അതേസമയം അന്‍ഹാറിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.
Post Your Comments