കാബൂള്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്-ഖൊരാസന്‍ പ്രൊവിന്‍സ് ബന്ധമുള്ള 25 ഇന്ത്യന്‍ പൗരന്മാര്‍ അഫ്ഗാനിസ്ഥാനിൽ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. താലിബാന്‍ ഭീകരർ അഫ്ഗാനിലെ ഭരണം പിടിച്ചെടുത്തതോടെ മോചിപ്പിക്കപ്പെട്ട തടവുപുള്ളികളിൽ ഇവരും ഉൾപ്പെട്ടിരുന്നു. അതേസമയം ഇവരുടെ നീക്കങ്ങള്‍ സുരക്ഷാ, രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കർശനമായി നിരീക്ഷിച്ചുവരികയാണെന്നാണ് ലഭ്യമായ വിവരം.
അഫ്ഗാന്‍ -പാക് അതിര്‍ത്തി പ്രദേശമായ നാന്‍ഗാര്‍ഹാര്‍ മേഖലയിൽ ഒസാമ ബിന്‍ ലാദന്റെ മുന്‍ സുരക്ഷാ മേധാവിയായിരുന്ന ആമിന്‍ അല്‍ ഹഖിന്റെ ജന്മസ്ഥലത്തിനു സമീപം ഇവര്‍ ഒളിവില്‍ കഴിയുന്നതായാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നൽകുന്ന സൂചന. ബിന്‍ ലാദൻ കൊല്ലപ്പെട്ടതിനെ തുടർന്ന് പാക് സേന പിടികൂടിയ ഹഖിനെ പിന്നീട് വെറുതേവിടുകയായിരുന്നു. യുവാക്കളെ സംഘടനയിലേക്ക് എത്തിക്കുന്നതിനായി ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റിന് നേതൃത്വം നല്‍കുന്ന മുന്‍സിബ് എന്നയാളെയും ദേശീയ അന്വേഷണ ഏജന്‍സി തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇന്ത്യയില്‍ കൊടുംകുറ്റവാളികളുടെ പട്ടികയിലുള്ള ഐജാസ് അഹാങ്കാര്‍ എന്നയാളെ താലിബാന്‍ ജയില്‍ മോചിതനാക്കിയിരുന്നു. ഐഎസ്കെ റിക്രൂട്ട്‌മെന്റിന് നേതൃത്വം നല്‍കുന്ന ആളാണിയാളെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. അഫ്ഗാനിൽ താലിബാൻ അധികാരം സ്ഥാപിച്ചതോടെ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനും അംഗബലം കൂട്ടാനുമുള്ള ഒരുക്കത്തിലാണ് ഐഎസ്കെ.
Post Your Comments