
തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരായ കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മന്ത്രി കെ.രാധാകൃഷ്ണന്‍. കൊടിക്കുന്നിലിന്റെ പ്രസ്താവന സത്രീകളോടുള്ള അവഹേളനവും തരംതാഴ്ത്തലുമാണ്. ഇന്ത്യയില്‍ ഏതൊരു പൗരനും സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശമുണ്ട്. ആര് ആരെ വിവാഹം കഴിക്കണമെന്നതെല്ലാം വ്യക്തികളുടെ അവകാശമാണ്. കൊടിക്കുന്നില്‍ സുരേഷ് ഇരിക്കുന്ന സ്ഥാനത്തിനും വലിപ്പത്തിനും യോജിക്കുന്നതാണോ പരാമർശമെന്ന് പരിശോധിക്കണമെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.
കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോള്‍ നടക്കുന്ന തമ്മിലടി മറച്ചുവയ്ക്കാന്‍ വേണ്ടിയുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രിയുടെ കുടുംബത്തെ വരെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിടുന്ന കൊടിക്കുന്നില്‍ സുരേഷിന്റെ വിവാദ പ്രസ്താവനകളെന്നും രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
Read Also : തന്നെ പുകഴ്ത്തിപ്പറഞ്ഞാൽ ഉടൻ നടപടിയെന്ന് എം കെ സ്റ്റാലിൻ: ഇവിടെ തിരിച്ചാണ് ഭായീ കാര്യങ്ങളെന്ന് മലയാളികൾ
അതേസമയം, പട്ടികജാതിക്കാരനായ ദേവസ്വം വകുപ്പ് മന്ത്രിയെ നിയന്ത്രിക്കാന്‍ പിണറായി വിജയന്‍ തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയമിച്ചെന്ന കൊടിക്കുന്നിലിന്റെ ആരോപണവും മന്ത്രി തള്ളി. തന്റെ കാര്യം നോക്കാന്‍ തനിക്കറിയാമെന്ന് പാര്‍ട്ടിക്ക് നല്ല ബോധ്യമുള്ളതുകൊണ്ടാണ് 1996-ല്‍ ഇതിലും ചെറുപ്പത്തില്‍ തന്നെ മന്ത്രിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അത് എങ്ങനെയാണ് താന്‍ കൈകാര്യം ചെയ്തതെന്ന് ജനങ്ങള്‍ക്കും പാര്‍ട്ടിക്കും അറിയാമെന്നും അതിന് കൊടിക്കുന്നില്‍ സുരേഷിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി.
Post Your Comments