Latest NewsInternational

സര്‍ക്കാര്‍ നൽകിയ വാഹനങ്ങളും, ആയുധങ്ങളും ഒരാഴ്ചയ്‌ക്കുള്ളില്‍ തിരികെ നല്‍കണം : ഉത്തരവിട്ട് താലിബാന്‍

നിശ്ചിത സമയത്തിനുള്ളില്‍ ഇവ തിരിച്ച്‌ നല്‍കിയില്ലെങ്കില്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നാണ് താലിബാന്‍ അറിയിച്ചിരിക്കുന്നത്.

കാബൂള്‍ : അധിനിവേശത്തിന് പിന്നാലെ അഫ്ഗാന്‍ ജനതയെ അടിച്ചമര്‍ത്തുന്നത് തുടര്‍ന്ന് താലിബാന്‍. സര്‍ക്കാര്‍ വാഹനങ്ങളും, ഉപകരണങ്ങളും താലിബാന്‍ മുന്‍പാകെ സമര്‍പ്പിക്കാനാണ് പുതിയ ഉത്തരവ്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. സര്‍ക്കാര്‍ നല്‍കിയ വാഹനങ്ങള്‍, ഉപകരണങ്ങള്‍, ആയുധങ്ങള്‍ മുതലായവ തിരിച്ച്‌ നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഒരാഴ്ചയാണ് നല്‍കിയിരിക്കുന്ന സമയം.

നിശ്ചിത സമയത്തിനുള്ളില്‍ ഇവ തിരിച്ച്‌ നല്‍കിയില്ലെങ്കില്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നാണ് താലിബാന്‍ അറിയിച്ചിരിക്കുന്നത്. താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് ട്വിറ്ററിലൂടെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം താലിബാന്‍ ഭരണം ആരംഭിച്ചതിന് പിന്നാലെ അഫ്ഗാനിലെ ക്രമസമാധാന നിലയും, സുരക്ഷയും തകിടം മറഞ്ഞിരിക്കുകയാണ്. അപരിഷ്‌കൃത നിയമങ്ങള്‍ നടപ്പിലാക്കി അഫ്ഗാന്‍ ജനതയെ താലിബാന്‍ ഭീകരര്‍ പീഡിപ്പിക്കുകയാണ്.

ഈ സാഹചര്യത്തില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഇടപെടല്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിനിടെ കാബൂര്‍ വിമാനത്താവളത്തില്‍ ഐ എസ് ഭീഷണി നിലനില്‍ക്കുന്നതായി അമേരിക്ക. ആക്രമണത്തിന് സാധ്യതയുണ്ടെങ്കിലും അവസാന നിമിഷം വരെ കാബൂള്‍ രക്ഷാദൗത്യം തുടരുമെന്ന് അമേരിക്ക അറിയിച്ചു. 5000 ത്തോളം അമേരിക്കന്‍ പൗരന്മാരാണ് അഫ്ഗാന്‍ വിടാനുറച്ച്‌ കാബൂള്‍ വിമാനത്താവളത്തില്‍ തുടരുന്നത്.

അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നാല് ദിവസം ശേഷിക്കുന്നുണ്ടെങ്കിലും വിമാനത്താവളത്തിന്റെ ചില ഭാഗങ്ങളുടെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.എന്നാല്‍ പെന്റഗണ്‍ ഇത് തള്ളി. രണ്ടാഴ്ച മുന്‍പ് തുടങ്ങിയ ഒഴിപ്പിക്കലില്‍ ഇതുവരെ 111000-ത്തില്‍ കൂടുതല്‍ പേര്‍ അഫ്ഗാനിസ്ഥാന്‍ വിട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button