വാഷിങ്ടണ്‍ ഡി.സി: താനായിരുന്നു യു.എസ് പ്രസിഡന്‍റെങ്കില്‍ കാബൂളിലെ ഭീകരാക്രമണം സംഭവിക്കില്ലായിരുന്നുവെന്ന് മുന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഈയൊരു ദുരന്തം ഒരിക്കലും സംഭവിക്കരുതായിരുന്നു. ഞാനായിരുന്നു പ്രസിഡന്‍റെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു -ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു.ഈ ദുരന്തം സംഭവിക്കാന്‍ അനുവദിക്കരുതായിരുന്നു എന്നത് നമ്മുടെ ദു:ഖത്തിന്‍റെ ആഴം വര്‍ധിപ്പിക്കുന്നു. മനസിലാക്കാന്‍ പ്രയാസമുള്ളതാക്കുന്നു. താലിബാന്‍ ശത്രുക്കളാണ്.
താലിബാന്‍ നേതാക്കളുമായി ഞാന്‍ ഇടപഴകിയിട്ടുണ്ട്. നമ്മളുമായി വര്‍ഷങ്ങളായി പോരാടുന്നവരാണവര്‍. ഇപ്പോള്‍ നമ്മളെ സംരക്ഷിക്കാന്‍ അവരെയാണോ ഉപയോഗിക്കുന്നത്? നമ്മുടെ 13 സൈനികര്‍ ഉള്‍പ്പെടെ നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇതൊരു തുടക്കം മാത്രമാണ് -ട്രംപ് പറഞ്ഞു. കടമ നിര്‍വഹിക്കുന്നതിനിടെയാണ് ധീരരായ അമേരിക്കന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത്. രാജ്യത്തിന് വേണ്ടിയാണ് അവര്‍ ജീവത്യാഗം ചെയ്തത്. അമേരിക്കയുടെ ഹീറോകളായാണ് അവര്‍ മരിച്ചത്. അവരുടെ സ്മരണയെ രാഷ്ട്രം എന്നും ബഹുമാനിക്കും -ട്രംപ് പറഞ്ഞു.
അഫ്ഗാന്‍ മുന്‍ പ്രസിഡന്‍റ് അഷ്റഫ് ഗനി കള്ളനാണെന്ന് പറഞ്ഞ ട്രംപ്, ഗനിക്ക് യു.എസ് സെനറ്റില്‍ ശക്തമായ സ്വാധീനമുണ്ടെന്നും ആരോപിച്ചു. സെനറ്റിലും കോണ്‍ഗ്രസിലും ഗനിക്ക് ആള്‍ക്കാറുണ്ടായിരുന്നു. അഫ്ഗാനു മേല്‍ ഗനിക്ക് യാതൊരു നിയന്ത്രണവും ഇല്ലായിരുന്നെങ്കിലും യു.എസ് സെനറ്റില്‍ ശക്തമായ സ്വാധീനം ഉണ്ടെന്നുള്ളത് ഭീകരമാണ് -ട്രംപ് പറഞ്ഞു.
വ്യാഴാഴ്ച വൈകീട്ട് കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയിരിക്കുകയാണ്. യു.എസ് സേനയുടെ നിയന്ത്രണത്തിലുള്ള മേഖല ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണം. 13 യു.എസ് സൈനികരും കൊല്ലപ്പെട്ടവരിലുള്‍പ്പെടും. സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐ.എസിന്‍റെ അഫ്ഗാനിലെ പ്രാദേശിക ഘടകമായ ഐ.എസ് ഖൊറാസന്‍ ഏറ്റെടുത്തിരിക്കുകയാണ്.
Post Your Comments