തിരുവനന്തപുരം: സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഏതെങ്കിലും ഒരു ആർഎസ്എസുകാരന്റെ പേര് പറഞ്ഞാൽ ഒരു ലക്ഷം രൂപ തരാമെന്ന ചാനൽ ചർച്ചയിലെ വെല്ലുവിളി സ്വീകരിച്ച് ശങ്കു ടി ദാസ്. നിരവധി നേതാക്കളുടെ പേരുകൾ ആണ് തെളിവുകൾ സഹിതം ശങ്കു പുറത്തു വിട്ടത്. രക്തസാക്ഷികൾ ആയ ആർഎസ്എസ് നേതാക്കളുടെ പേരാണോ വേണ്ടത് എന്നദ്ദേഹം ചോദിച്ചു.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ന്യൂസ് 18 ചർച്ചയിൽ സി.പി.ഐ.എമ്മിനെ പ്രതിനിധീകരിച്ച് സംസാരിച്ച എസ്.കെ. സജീഷ് അവസാനത്തെ അഞ്ചു മിനിറ്റിൽ എന്നെ പരാമർശിച്ചു കൊണ്ട് നടത്തിയ ആക്ഷേപകരമായ പ്രസ്താവനകൾക്ക് മറുപടി പറയാൻ എനിക്ക് അവസരം ലഭിക്കുകയുണ്ടായില്ല. ചർച്ച ചെയ്യുന്ന വിഷയവുമായി യാതൊരു ബന്ധവുമില്ലാതെ സ്ഥിരം ചെളിവാരിയേറിന്റെ ശൈലിയിൽ അദ്ദേഹം ഖിലാഫത്തുകാർ സ്വാതന്ത്ര്യ സമര സേനാനികൾ അല്ലെന്ന് പറയാൻ RSS കാർക്കെന്താ അവകാശം, ഏതെങ്കിലും RSS കാർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ടോ, കോൺഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും ഖിലഫാത്തുകാരും ഒക്കെ നയിച്ച സ്വാതന്ത്ര്യ സമരത്തിന്റെ ഒരു ധാരയിലും പങ്കു ചേരാത്തവർ അല്ലേ ഇവർ എന്നൊക്കെ പറഞ്ഞു അവസാന നിമിഷങ്ങൾ അപഹരിക്കുകയാണുണ്ടായത്.
എന്നെ പേരെടുത്തു പറഞ്ഞു നടത്തിയ പരിഹാസങ്ങൾക്ക് മറുപടി പറയാൻ എനിക്കല്പം സമയം അനുവദിക്കേണ്ടത് സാമാന്യ മര്യാദ ആയിരുന്നു.
സമയ പരിമിതി കൊണ്ടാവും അവതാരകന് അത് സാധിക്കാതെ പോയത് എന്ന് മനസിലാക്കുന്നു. എന്നാലും വളരെ ചുരുക്കത്തിൽ എങ്കിലും അതിനൊരു മറുപടി പറയേണ്ട ബാധ്യത എനിക്കുണ്ടല്ലോ. അത് കൊണ്ടാണ് ഈ രാത്രി തന്നെ ഇങ്ങനെയൊരു പോസ്റ്റ് എഴുതുന്നത്. ശ്രീ സജീഷ്, കേൾവിക്കാരിൽ ഒരു പ്രത്യേക വിഭാഗത്തെ ആവേശം കൊള്ളിക്കാനും തിരിച്ചാരും മറുപടി പറയാൻ വരില്ലല്ലോ എന്ന ഉറപ്പിലും യാതൊരു അടിസ്ഥാനവുമില്ലാത്ത എന്ത് പരിഹാസവും വിളിച്ചു പറയാവുന്ന കവല പ്രസംഗത്തിന്റെ ശൈലി ഒരു ചർച്ചയിൽ ഭൂഷണമല്ല.
അഥവാ അപ്പറഞ്ഞ കാര്യങ്ങളൊക്കെ നിങ്ങളുടെ ആത്മാർത്ഥമായ ധാരണകൾ ആണെങ്കിൽ ചരിത്രത്തെ പറ്റിയുള്ള നിങ്ങളുടെ അറിവ് ദയനീയമാണെന്ന് പറയാതെയും വയ്യ. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഒരു സംഘിയുടെയെങ്കിലും പേര് പറഞ്ഞാൽ ഒരു ലക്ഷം രൂപ ഇനാം എന്നൊക്കെയുള്ള സുഡാപ്പി വാട്സപ്പ് ഫോർവേഡുകൾക്ക് ആരും മറുപടി പറയാൻ നിൽക്കാത്തത് പറയാൻ പേരുകൾ ഇല്ലാത്തത് കൊണ്ടല്ല, ചോദിക്കുന്നവർ മറുപടി അർഹിക്കാത്തത് കൊണ്ടാണ്.
എന്ന് കരുതി അതൊക്കെ വിശ്വസിച്ച് ഒരു ചാനൽ ചർച്ചയിലൊക്കെ കയറിയിരുന്നു പറയാനുള്ള നിഷ്കളങ്കത നിങ്ങൾക്കുണ്ടായത് എന്നെ അത്ഭുതപ്പെടുത്തുന്നു.
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത എത്ര RSS കാരുടെ പേര് വേണം നിങ്ങൾക്ക്?
RSS സ്ഥാപകനായ ഡോ. കേശവ ബലിറാം ഹെഡ്ഗേവാർ എന്ന ഡോക്ടർജി തന്നെ സ്വയം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട് എന്നത് നിങ്ങൾക്കറിയാത്തതാണോ!!
അല്ല. RSS സ്ഥാപിക്കുന്നതിന് മുൻപ് കോൺഗ്രസ്സിൽ പ്രവർത്തിച്ചിരുന്ന കാലത്ത് 1921ൽ നിസ്സഹകരണ സമരത്തിന്റെ ഭാഗമായി ഒരു വർഷം ജയിലിൽ പോയ കാര്യമല്ല.
അതദ്ദേഹത്തിന്റെ ആദ്യ ജയിൽവാസം മാത്രമാണ്.
എന്നാൽ RSS സ്ഥാപിച്ചു അഞ്ചു വർഷത്തിനു ശേഷവും ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ പങ്കെടുത്തു അദ്ദേഹം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.
1930ൽ ഗാന്ധിജി പ്രഖ്യാപിച്ച വന സത്യാഗ്രഹത്തിന്റെ ഭാഗമായിട്ടായിരുന്നു അത്.
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു രക്തസാക്ഷികൾ ആയ RSS നേതാക്കളുടെ പേരാണോ വേണ്ടത്?
1942 ഓഗസ്റ്റ് 16ന് മഹാരാഷ്ട്രയിലെ ചിമൂറിൽ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടിയതിന്റെ പേരിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ദാദാ നായിക് ചിമൂറിലെ RSS കാര്യവാഹ് ആയിരുന്നു.
അന്ന് നടന്ന വെടിവെപ്പിൽ മരിച്ച രാംദാസ് രാംപുരേ സജീവ RSS പ്രവർത്തകനായിരുന്നു.
ചിമൂറിൽ നടന്ന സായുധ പ്രതിരോധത്തെ പറ്റിയുള്ള ബ്രിട്ടീഷ് കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ പ്രക്ഷോഭത്തിന്റെ മുഖ്യ ബുദ്ധികേന്ദ്രങ്ങളായി പറഞ്ഞവരിൽ വധിക്കപ്പെട്ട ദാദാ നായിക്കിനൊപ്പം സന്ത് തുക്ഡോജി മഹാരാജിന്റെ പേരുമുണ്ടായിരുന്നു.
ഇതേ സന്ത് തുക്ഡോജി മഹാരാജാണ് പിന്നീട് വിശ്വ ഹിന്ദു പരിഷത്തിന്റെ സ്ഥാപകരിൽ ഒരാളായത്.
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും വധിക്കപ്പെടുകയും മാത്രമല്ല, ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം നയിച്ച നിരവധി വിപ്ലവ നേതാക്കൾക്ക് അഭയവും അത്താണിയും ആവുകയും ചെയ്തിട്ടുമുണ്ട് RSS.
ത്രൈലോക്യനാഥ് ചക്രവർത്തിക്ക് ആൾബലവും സന്നാഹങ്ങളും ഒരുക്കി നൽകിയത് ഡോക്ടർ ഹെഡ്ഗേവാർ ആണെന്ന് മാർക്സിസ്റ്റ് സ്റ്റഡി ഫോറം തന്നെ 1994ൽ പുറത്തിറക്കിയ Remembering our Revolutionaries എന്ന പുസ്തകത്തിൽ സത്യവ്രത ഘോഷ് പറയുന്നു.
1939ൽ സായുധ വിപ്ലവത്തിനുള്ള സഹായം ആവശ്യപ്പെട്ട് കൊണ്ട് സുഭാഷ് ചന്ദ്ര ബോസ് RSS നെ സമീപിച്ചിരുന്നു എന്ന് ചരിത്രകാരനായ ഡോ. മജുംദാർ എഴുതിയിട്ടുണ്ട്.
അരുണാ അസഫ് അലി ഒളിവിൽ കഴിഞ്ഞത് ലാലാ ഹാൻസ് രാജ് ഗുപ്തയുടെ സ്വന്തം വീട്ടിലാണ്.
നാനാ പട്ടേലിന് അഭയം കൊടുത്തത് പണ്ഡിറ്റ് ദാമോദർ സത്വേൽക്കറും സാനേ ഗുരുജിയെ ഒളിപ്പിച്ചത് ഭാവുസാഹെബ് ദേശ്മുഖ്, ഭാവുസാഹെബ് ആപ്തെ എന്നിവരുമാണ്.
ഈ ചരിത്രമൊന്നും സജീഷിന് അറിയാത്തത് ഇക്കാലത്തൊക്കെ സജീഷിന്റെ പാർട്ടി സ്വാതന്ത്ര്യ സമരത്തിനൊപ്പമല്ല, ബ്രിട്ടന് ഒപ്പമായിരുന്നു എന്നത് കൊണ്ടാണ്.
രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടനും സോവിയറ്റ് യൂണിയനും സഖ്യകക്ഷികൾ ആയിരുന്നത് കൊണ്ട് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ക്വിറ്റ് ഇന്ത്യാ സമരത്തെ വരെ തള്ളി പറഞ്ഞു ബ്രിട്ടനൊപ്പം അണിനിരക്കുക ആണല്ലോ ചെയ്തത്.
അങ്ങനെയാണല്ലോ ഗാന്ധി നിങ്ങൾക്ക് ബൂർഷ്വാ ദേശീയവാദിയും സുഭാഷ് ബോസ് ടോജോയുടെ കഴുതയും ജപ്പാന്റെ ചെരുപ്പ് നക്കിയും ബ്രിട്ടൻ ഫാസിസത്തെ പ്രതിരോധിച്ചു ജനാധിപത്യത്തെ കാത്തുരക്ഷിക്കുന്ന കാവൽ മാലാഖയും ഒക്കെ ആവുന്നത്.
അക്കാലത്ത് തന്നെയാണല്ലോ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി ആയിരുന്ന ഡാങ്കെ ‘ഞങ്ങളെ സംശയിക്കരുത് അങ്ങുന്നേ’ എന്ന് പറഞ്ഞു ഗവർണർ ജനറലിന് കത്തയക്കുന്നതും തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിരോധനം ബ്രിട്ടീഷുകാർ നീക്കുന്നതും.
നിങ്ങൾ അപ്പുറത്തെ സൈഡിൽ നിന്നത് കൊണ്ട് ഇപ്പുറത്തു നടന്ന സംഗതികൾ ഒന്നും അറിയാത്തതാണ്.
അത് കൊണ്ട് അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്ന് അർത്ഥമില്ല.
പറഞ്ഞു വന്നത്, സ്വാതന്ത്ര്യ സമരത്തിന്റെ കാര്യമൊന്നും പറഞ്ഞു സജീഷ് നെഞ്ചു വിരിക്കാനും മറ്റുള്ളവരെ പരിഹസിക്കാനും ദയവായി നിൽക്കരുത്.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ കാര്യം സജീഷിന്റെ പാർട്ടി അംഗീകരിച്ചത് പോലും 75 കൊല്ലം കഴിഞ്ഞു ഇത്തവണയാണ്.
1947ൽ ഒക്കെ ഇത് ശരിക്കും സ്വാതന്ത്ര്യമല്ല എന്ന് പറഞ്ഞു ദേശീയ പതാകക്ക് പകരം കരിങ്കൊടി കെട്ടാനും ഓഗസ്റ്റ് പതിനഞ്ചല്ല ആപത്ത് പതിനഞ്ച് എന്ന് പറഞ്ഞു കരിദിനം ആചരിക്കാനും നടക്കുക ആയിരുന്നു നിങ്ങൾ.
വൈകിയെങ്കിലും സ്വാതന്ത്ര്യ ദിനം ആചാരിക്കാൻ എടുത്ത തീരുമാനത്തിന് ആണെങ്കിൽ തന്നെ ഒരു RSS കാരൻ പ്രധാനമന്ത്രിക്ക് നന്ദിയും പറയണം നിങ്ങൾ.
ഇത്രയും എനിക്ക് അവിടെ പറയാൻ സാധിച്ചില്ല.
ഇവിടെ പറഞ്ഞു ആ മനഃക്ലേശം തീർക്കുകയാണ്.
(കൂടുതൽ വിവരങ്ങൾ ആവശ്യമുണ്ടെങ്കിൽ റെഫറൻസുകൾ സഹിതം വിശദമായി എഴുതാനും തയ്യാറാണ്.)
ചിത്രം: 1930ലെ വന സത്യാഗ്രഹത്തിൽ ഡോ. ഹെഡ്ഗേവാർ.
Post Your Comments