തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ ഏറ്റവും നിര്‍ണായകമായ തെളിവുകള്‍ പുറത്ത്. മരംമുറിക്കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും കണ്‍സര്‍വേറ്റര്‍ എന്‍.ടി. സാജനും 24 ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മടവും സംസാരിച്ചതിന്റെ ഫോണ്‍വിളി രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. ഗൂഢാലോചന സാധൂകരിക്കുന്ന പ്രധാനപ്പെട്ട തെളിവുകളാണ് ഈ ഫോണ്‍വിളി രേഖകള്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തന്‍ എന്ന വ്യാജേനയാണ് ദീപക് ഇടപെടലുകള്‍ നടത്തിയത്.
മുട്ടില്‍ മരമുറിയില്‍ എപിസിസിഎഫ് രാജേഷ് രവീന്ദ്രന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. ഫോണ്‍ രേഖകള്‍ അടക്കമുള്ള തെളിവുകളുണ്ട്. ഇത്രയും ഗുരുതരമായ റിപ്പോര്‍ട്ട് മറച്ചുവച്ചുകൊണ്ടാണ് സാജന്‍ ഉദ്യോഗസ്ഥനെതിരെയുള്ള നടപടി സ്ഥലംമാറ്റത്തില്‍ മാത്രം ഒതുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദ്ദേശം നല്‍കിയത്. ഇതിനു പിന്നിലും ‘ധര്‍മ്മടം’ അട്ടിമറിയാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശേഷം സാജനെതിരെ നടപടിയെന്നാണ് വനം മന്ത്രി എകെ ശശീന്ദ്രന്റെ പ്രഖ്യാപനം. ഇതും ധര്‍മ്മടത്തുകാരെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്.
അഗസ്റ്റിന്‍ സഹോദരങ്ങള്‍ മരംകൊള്ള കേസിലെ പ്രധാന പ്രതികളാണെന്ന പൂര്‍ണ ബോധ്യത്തോടെയാണ് സാജനും കേസില്‍ ഇടപെട്ടത്. ഫെബ്രുവരി എട്ടിന് ഇരുവര്‍ക്കും എതിരെ വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് സാജന്‍ ഇവര്‍ക്കായി രംഗത്തിറങ്ങുന്നത്. മുട്ടില്‍ മരമുറിയില്‍ കര്‍ശന നിലപാട് എടുത്തവരെ കേസില്‍ കുടുക്കി സമ്മര്‍ദ്ദത്തിലാക്കാനായിരുന്നു തന്ത്രം. ആന്റോ സഹോദരങ്ങളും ദീപക് ധര്‍മ്മടവും ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കിയത്. ഇത് സാജന്‍ നടപ്പാക്കുകയും ചെയ്തു.
ചാനലില്‍ വാര്‍ത്ത കൊടുത്ത് ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു തന്ത്രം.സാജനും പ്രതികളും തമ്മില്‍ 86 തവണ സംസാരിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ദീപക് ധര്‍മടം 107 തവണ പ്രതികളെ വിളിച്ചിട്ടുണ്ട്. മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് വനംവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.
മുട്ടില്‍ മരംമുറി കേസ് മറയ്ക്കാനും മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാനുമായി മറ്റൊരു വ്യാജക്കേസ് ഉണ്ടാക്കുകയായിരുന്നു. ഇതുസംബന്ധിച്ചുളള വ്യാജ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതികളുമായി ഇവര്‍ ദീര്‍ഘനേരം നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ രേഖകൾ പുറത്തു വന്നിരിക്കുന്നത്.
Post Your Comments